ഗാസിയാബാദ്: ജി 20 ഉച്ചകോടി അടക്കമുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളതെന്ന് സംശയിക്കുന്ന നമ്പറിലേക്ക് കൈമാറിയ ധനകാര്യ വകുപ്പ് ജീവനക്കാരന്‍ പിടിയില്‍. രഹസ്യ സ്വഭാവമുള്ളതും ക്ലാസിഫൈഡ് ഗണത്തിലുള്ളതുമായ രേഖകളാണ് തിങ്കളാഴ്ച നവീന്‍ പാല്‍ എന്ന 27കാരനായ ഉദ്യോഗസ്ഥന്‍ പാകിസ്താനില്‍ നിന്നെന്ന് സംശയിക്കുന്ന നമ്പറിലേക്ക് അയച്ച് നല്‍കിയത്. ഗാസിയാബാദിലെ ഭീം നഗര്‍ സ്വദേശിയാണ് നവീന്‍.
ധനകാര്യ വകുപ്പിലെ എംടിഎസ് വിഭാഗത്തിലെ കരാര്‍ ജീവനക്കാരനാണ് നവീന്‍. രാജ്യ സുരക്ഷയ്ക്കും താല്‍പര്യത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നതാണ് യുവാവിന്റെ നടപടികള്‍ എന്ന് വിശദമാക്കിയാണ് ഗാസിയാബാദ് പൊലീസ് തിങ്കളാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട്, ഐടി വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നവീന്‍ രഹസ്യ വിവരങ്ങള്‍ ആര്‍ക്കോ നല്‍കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് രഹസ്യ രേഖകള്‍ പണം നല്‍കിയതിനേ തുടര്‍ന്ന് അജ്ഞാതനായ ആള്‍ക്ക് നല്‍കിയതെന്ന് ഇയാള്‍ വിശദമാക്കിയതെന്നാണ് ഗാസിയാബാദ് ഡിസിപി ശുഭം പട്ടേല്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.
ഓരോ രേഖയ്ക്കും 8000 രൂപ മുതല്‍ 10000 രൂപ വരെയാണ് നവീന്‍ പാല്‍ ഈടാക്കിയിരുന്നത്. രേഖകള്‍ അയച്ച് നല്‍കിയിരുന്ന നമ്പര്‍ അഞ്ജലി കൊല്‍ക്കത്ത എന്ന പേരിലായിരുന്നു നവീന്‍ ഫോണില്‍ സേവ് ചെയ്തിരുന്നത്. നിലവില്‍ പാകിസ്താനില്‍ ഉപയോഗത്തിലിരിക്കുന്നതാണ് ഈ നമ്പര്‍ എന്നും ഗാസിയാബാദ് പൊലീസ് വിശദമാക്കുന്നു. വാട്ട്സ് ആപ്പ് കോളിലൂടെയാണ് ഇയാള്‍ നവീനിന് പണം വാഗ്ദാനം ചെയ്ത് രഹസ്യ രേഖകള്‍ ആവശ്യപ്പെട്ടത്. പ്രതിഫലമായി പണം നല്‍കിയും ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെയായിരുന്നു. മെയ് ആദ്യവാരത്തില്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു.
മഹാരാഷ്ട്രയിലെ പുണെയിൽ സ്ഥിതി ചെയ്യുന്ന ഡിഫൻസ് റിസർച് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറെ മഹാരാഷ്ട്ര എടിഎസാണ് അറസ്റ്റ് ചെയ്തത്. പ്രദീപ് കുരുൽക്കറിനെ പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെയാണ് മഹാരാഷ്ട്ര എടിഎസിന് പരാതി ലഭിച്ചത്. ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ.