തിരുവനന്തപുരം : വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാമ്പയിനുള്ള തുക വെട്ടിച്ചുരുക്കി ധനവകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിനുള്ള പദ്ധതി വിഹിതം 50 ശതമാനമായി വെട്ടിക്കുറച്ചതിന്‍റെ ഭാഗമായിട്ടാണ് മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിനിന്‍റെ തുകയും വെട്ടിച്ചുരുക്കിയത്. വിദ്യാർത്ഥികൾക്കിടയിൽ ലഹരിയും അതിക്രമ കേസുകളും പെരുകുന്നതിനിടെയാണ് ഈ നടപടി. കുട്ടികളെയും യുവാക്കളെയും മയക്കുമരുന്നിന്‍റെ പിടിയിൽ നിന്ന് അകറ്റി നിർത്തുക ലക്ഷ്യമിട്ടാണ് ലഹരി വിരുദ്ധ ക്യാമ്പയിനിന് വിദ്യാലയങ്ങളിൽ തുടക്കം കുറിച്ചത്. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി ബജറ്റിൽ തുകയും അനുവദിച്ചു. 2024- 25 ബജറ്റിൽ 1.50 കോടി രൂപയാണ് ലഹരി വിരുദ്ധ ക്യാമ്പയിനിനായി വകയിരുത്തിയത്.ധനവകുപ്പ് ഇത് 65 ലക്ഷമായി വെട്ടിച്ചുരുക്കി. പദ്ധതിക്കായി അനുവദിച്ചതിന്റെ 56.67 ശതമാനം വെട്ടി കുറച്ചു. 2023-24 സാമ്പത്തിക വർഷം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി 75 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ടായിരുന്നു. സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ ലഹരിയുടെ ഉപയോഗം വർദ്ദിക്കുന്നുവെന്ന കണക്കുകൾ പുറത്ത് വരുമ്പോഴാണ് ധനവകുപ്പ് ലഹരിവിരുദ്ധ ക്യാമ്പയിനിനായിട്ടുള്ള തുക വെട്ടിക്കുറച്ചത്.