തിരുവനന്തപുരം : കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ച് ധനവകുപ്പ്. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. ശമ്പളം നൽകാൻ നേരത്തെ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. 35 കോടി രൂപ കൂടി വേണമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ ആവശ്യം. അതിനിടെ ശമ്പളം വൈകുന്നതിനെതിരായ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനയായ റ്റിഡിഎഫിന്‍റെ തീരുമാനം. നാളെ മുതൽ അനിശ്ചിതകാല രാപ്പകൽ സമരം റിലേ നിരാഹര സമരമായി മാറും.
അതേ സമയം, ഇന്ന് മുതൽ ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും കെഎസ്ആർടിസി അധിക സർവീസ് നടത്തുകയാണ്.നിലവിലെ ഷെഡ്യൂളുകൾക്കൊപ്പം ആൾത്തിരക്ക് അനുസരിച്ച് 20 ശതമാനം വരെ അധിക സർവ്വീസുകൾ നടത്താനാണ് തീരുമാനം. സ്റ്റേഷനുകളിൽ നിന്നുള്ള അഭ്യർത്ഥന അനുസരിച്ച് ഡിപ്പോകളിൽ നിന്ന് അധിക ഷെഡ്യൂളുകൾ നൽകും. ആദ്യ ഘട്ടത്തിൽ ദേശീയപാതകളിലും എംസി റോഡിലുമാണ് അധിക സർവീസ് നടത്തുക. നേരത്തേ റദ്ദാക്കിയ ഞായറാഴ്ചകളിലെ ഫാസ്റ്റ് പാസഞ്ചറുകൾക്ക് മുകളിലേക്കുള്ള സർവ്വീസുകളുടെ ട്രിപ്പുകൾ സിംഗിൾ ഡ്യൂട്ടിയായി ക്രമീകരിച്ച് അധികമായി ഓപ്പറേറ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. ഇത് കൃത്യമായി നടപ്പിലാക്കുന്നതിന് മേഖലാ ഓഫീസർമാർ ശ്രദ്ധിക്കണമെന്നാണ് മാനേജ്മെന്റിന്റെ നിര്‍ദ്ദേശം.