ദുബൈ : യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്‍ദുല്ല ബിൻ തൗഖ് അൽ മറിയുടെ നേതൃത്വത്തില്‍ 80 അംഗ ഉന്നതതല സംഘം ബുധനാഴ്‍ച ഇന്ത്യയിലെത്തും. ഇന്ത്യയും യുഎഇയും തമ്മില്‍ ഫെബ്രുവരിയിൽ ഒപ്പുവെച്ച് മേയ് ഒന്ന് മുതല്‍ നിലവില്‍ വന്ന സമഗ്ര സാമ്പത്തിക സഹകരണ കരാറിന്റെ (സി.ഇ.പി.എ) ഭാഗമായാണ് സന്ദര്‍ശനം. യുഎഇ സാമ്പത്തികകാര്യ മന്ത്രിക്ക് പുറമെ ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹ്മദ് അൽ ബന്നയും സർക്കാർ, സ്വകാര്യ വ്യാപാര മേഖലകളിലെ പ്രതിനിധികളും സംഘത്തിലുണ്ട്.
രണ്ട് രാജ്യങ്ങളിലുമുള്ള വ്യപാര സമൂഹത്തെ കൂടുതല്‍ ശാക്തീകരിക്കാനുള്ള സുസ്ഥിര സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുകയും കരാറിലൂടെ പരമാവധി പ്രയോജനം ലഭ്യമാക്കുകയുമാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. കരാറിന്റെ ഭാഗമായി രണ്ട് രാജ്യങ്ങളിലെയും കമ്പനികള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ലഭ്യമാവുന്ന അവസരങ്ങളും സഹകരണത്തിനുള്ള സാധ്യതകളും സന്ദര്‍ശനത്തില്‍ പരിചയപ്പെടുത്തും. ഡൽഹിയിലും മുംബൈയിലുമായി യോഗങ്ങളും കൂടിക്കാഴ്‍ചകളും നടക്കും.
ഇന്‍ഡസ്‍ട്രിയല്‍ പ്രൊഡക്ഷന്‍, സിവില്‍ വ്യോമയാനം, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐ.സി.ടി, ഫുഡ് സെക്യൂരിറ്റി, ട്രാന്‍സ്‍പോര്‍ട്ട് ആന്റ് ഇന്‍ഫ്രാസ്‍ട്രക്ചര്‍, ലോജിസ്റ്റിക്സ്, അഗ്രി-ടെക്നോളജി, സംരംഭകത്വം, എന്നിവയ്‍ക്ക് പുറമെ വിവിധ സാമ്പത്തിക രംഗങ്ങളിലെ സഹകരണവും സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഇന്ത്യയിലെ പ്രമുഖ വ്യാപാരികളുമായും നിക്ഷേപകരുമായും സ്‍റ്റാര്‍ട്ടപ്പ് സംരംഭകരുമായും സംഘം കൂടിക്കാഴ്‍ച നടത്തും. മുംബൈയില്‍ നടക്കുന്ന യുഎഇ-ഇന്ത്യ ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയിലും സംഘാംഗങ്ങള്‍ പങ്കെടുക്കും.
41 സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് സംഘത്തിന്റെ ഭാഗമായുള്ളത്. യു.എ.ഇ സാമ്പത്തിക മന്ത്രാലയം, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, വ്യവസായ-നൂതന സാങ്കേതിക വകുപ്പ് മന്ത്രാലയം, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, അബൂദബി സാമ്പത്തിക വികസന വകുപ്പ്, അബൂദബി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ദുബൈ ഇക്കണോമി ആന്റ് ടൂറിസം വകുപ്പ്, ഡി.എം.സി.സി, ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷൂറൂഖ്), റാസൽ ഖൈമ ഇക്കണോമിക് സോണുകൾ (റാകിസ്), ഫുജൈറ സാമ്പത്തിക വികസന വകുപ്പ്, യു.എ.ഇ ഇന്റർനാഷനൽ ഇൻവെസ്റ്റേഴ്‌സ് കൗൺസിൽ, അബൂദബി പോർട്ട് ഗ്രൂപ്, മസ്ദർ, ഡി.പി വേൾഡ്, വിസ് എയർ അബൂദബി, ഫ്ലൈ ദുബൈ, ലുലു ഗ്രൂപ്, ഷറഫ് ഗ്രൂപ്, കാനൂ ഗ്രൂപ്, സിലാൽ കമ്പനി തുടങ്ങിയവയുടെ പ്രതിനിധികളും സംഘത്തിലുണ്ട്.