ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ കീറി നശിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 99 രൂപ പിഴ ചുമത്തി ഗുജറാത്ത് കോടതി. 2017 മേയ് മാസത്തില്‍ നടന്ന സംഭവത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എയായ ആനന്ദ് പട്ടേലിന് കോടതി ശിക്ഷ വിധിച്ചത്. 99 രൂപ പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2017ലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ നവ്‌സാരി കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചേമ്പറില്‍ കയറി കോണ്‍ഗ്രസ് നേതാക്കള്‍ നരേന്ദ്ര മോദിയുടെ ഫോട്ടോ കീറിയെറിഞ്ഞുവെന്നുള്ളതാണ് കേസ്. ജലാല്‍പുര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദ് പട്ടേലിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ആറു പേര്‍ പ്രതികളാണ്. അതിക്രമിച്ച് കടക്കല്‍, അപമാനശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിഎ ദാദല്‍ ആണ് ആനന്ദ് അടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് വിധിച്ചത്. 447-ാം വകുപ്പുപ്രകാരം പരമാവധി ശിക്ഷയായ 500 രൂപ പിഴയും മൂന്നു വര്‍ഷം തടവും പ്രതികള്‍ക്ക് വിധിക്കണമെന്ന് വാദിഭാഗം ആവശ്യപ്പെട്ടിരുന്നു. അതേസമയം, രാഷ്ട്രീയ വിദ്വേഷമാണ് കേസിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. വാംസദായി മണ്ഡലത്തിലെ എംഎല്‍എയാണ് ആനന്ദ് പട്ടേല്‍.
ഗുജറാത്തിലെ മാനനഷ്ടക്കേസിൽ രാഹുല്‍ ഗാന്ധി കുറ്റക്കാരണാണെന്നുള്ള വിധി വന്നതിനെ പിന്നാലെയാണ് കോണ്‍ഗ്രസിന് മറ്റൊരു കോടതി വിധി കൂടെ തിരിച്ചടിയായി മാറുന്നത്. രാഹുൽ ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. പിന്നാലെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.