മസ്‌കറ്റ്: ഒമാനില്‍ നിയമവിരുദ്ധമായി പുകയില വില്‍പ്പന നടത്തിയ മൂന്ന് പ്രവാസികള്‍ക്ക് 3,000 റിയാല്‍ (ആറു ലക്ഷം ഇന്ത്യന്‍ രൂപ) പിഴ. തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക വിലായത്തിലാണ് പുകയില വില്‍പ്പന നടത്തിയ പ്രവാസികളെ പിടികൂടിയത്.
തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗവും, ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് കണ്‍ട്രോള്‍ വിഭാഗവും പുകയില നിയന്ത്രണ വിഭാഗവും സഹകരിച്ചാണ് മൂന്ന് പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരായ തൊഴിലാളികള്‍ പുകയില വില്‍പ്പന നടത്തുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് അധികൃതര്‍ നിരീക്ഷണവും അന്വേഷണവും ശക്തമാക്കുകയായിരുന്നു. ഇവരില്‍ നിന്ന് പുകയിലയും നിരോധിത ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. നിരോധിത സിഗരറ്റുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ചു. 3,000 റിയാലാണ് പിഴ ചുമത്തിയത്.
കഴിഞ്ഞ ദിവസം ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് വിദേശികള്‍ അറസ്റ്റിലായിരുന്നു. സമുദ്രമാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്നും കണ്ടെടുത്തു.
ഒമാനിലെ സൗത്ത് അല്‍ ബാത്തിന പൊലീസ് കമാന്‍ഡും കോസ്റ്റ് ഗാര്‍ഡ് പൊലീസും സംയുക്തമായാണ് ലഹരിക്കടത്ത് സംഘത്തെ വലയിലാക്കിയത്. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ പുറത്തുവിട്ടു. അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിച്ചുണ്ട്.
കുവൈത്തില്‍ താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. രാജ്യത്തെ ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ റെയ്‍ഡിലാണ് ഇയാള്‍ പിടിയിലായത്. 100 ഗ്രാം കഞ്ചാവും 50 ഗ്രാം കഞ്ചാവ് ഓയിലും കഞ്ചാവ് ചെടിയുടെ വിത്തുകളും വിവിധ അളവിലുള്ള ഒന്‍പത് കഞ്ചാവ് ചെടികളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.