അബുദാബി: യുഎഇയിലെ സ്വദേശിവത്കരണ നിബന്ധനകളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് അര ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. രാജ്യത്തെ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറത്തിറക്കിയത്. വലിയ പിഴ ലഭിക്കാന്‍ സാധ്യതയുള്ള നിയമ ലംഘനങ്ങളെക്കുറിച്ചും ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ അറിയിപ്പില്‍ മന്ത്രാലയം വിശദീകരിക്കുന്നുണ്ട്.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, സ്വദേശിവത്കരണ നിരക്ക് സംബന്ധിച്ച ക്ലാസിഫിക്കേഷനില്‍ മാറ്റം വരുത്തുക, നിയമപ്രകാരമുള്ള ഏതെങ്കിലും നിബന്ധനകളില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടി മറ്റ് തരത്തിലുള്ള കൃത്രിമം കാണിക്കുക തുടങ്ങിയവയ്ക്കെല്ലാം കടുത്ത പിഴ ചുമത്തുമെന്നാണ് അറിയിപ്പ്. അന്‍പത് പേരോ അതിലധികമോ ജോലി ചെയ്യന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് യുഎഇയിലെ ഇപ്പോഴത്തെ സ്വദേശിവത്കരണ നിബന്ധനകള്‍ ബാധകമാവുന്നത്. വിദഗ്ധ തൊഴിലാളികളുട എണ്ണത്തില്‍ ഓരോ ആറ് മാസങ്ങള്‍ കൂടുമ്പോള്‍ ഒരു ശതമാനം സ്വദേശികളെ വീതം വര്‍ദ്ധിപ്പിക്കണമെന്നതാണ് വ്യവസ്ഥ. ഇത്തരത്തില്‍ ഒരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കി അഞ്ച് വര്‍ഷം കൊണ്ട് സ്വദേശിവത്കരണം പത്ത് ശതമാനത്തിലെത്തിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചത്.
സ്വദേശിവത്കരണ നിയമങ്ങളില്‍ കൃത്രിമം കാണിച്ച് പിടിക്കപ്പെടുന്ന സ്ഥാപനത്തിന് ആദ്യ തവണ ഒരു ലക്ഷം ദിര്‍ഹമായിരിക്കും പിഴ ചുമത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാം തവണയും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പിഴത്തുക മൂന്ന് ലക്ഷം ദിര്‍ഹമായി ഉയരും. മൂന്നാം തവണയും സമാനമായ കുറ്റകൃത്യം സ്ഥാപനത്തില്‍ കണ്ടെത്തിയാല്‍ പിഴത്തുക അഞ്ച് ലക്ഷം ദിര്‍ഹമായി ഉയരും. ഇതിന് പുറമെ ഇത്തരത്തില്‍ പിടിക്കപ്പെടുന്ന സ്ഥാപനം നിയമപ്രകാരമുള്ള സ്വദേശിവത്കരണം നടപ്പാക്കുകയും വേണം. 2026 ഓടെയാണ് പത്ത് ശതമാനം സ്വദേശിവത്കരണം യുഎഇയിലെ സ്വകാര്യ രംഗത്ത് ലക്ഷ്യമിടുന്നത്. അര്‍ദ്ധ വാര്‍ഷിക സ്വദേശിവത്കരണ ടാര്‍ഗറ്റ് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് അവര്‍ നിയമിക്കാത്ത ഓരോ സ്വദേശിയുടെയും പേരില്‍ 42,000 ദിര്‍ഹം വീതം പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.