അബുദാബി: യുഎഇയില്‍ തൊഴില്‍ നിയമലംഘനം നടത്തുന്ന കമ്പനി ഉടമകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. നിയമലംഘനം ആവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 5000 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക. പിഴയ്ക്ക് പുറമെ തടവുശിക്ഷയും ലഭിക്കും.
യുഎഇയില്‍ ഈ മാസം 15 മുതല്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ ഓര്‍മ്മപ്പെടുത്തല്‍. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് മണി വരെ വിശ്രമം നല്‍കണമെന്നാണ് നിയമം. ഈ സമയം തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതില്‍ പരമാവധി 50,000 ദിര്‍ഹം വരെയാണ് ശിക്ഷ ലഭിക്കുക. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാകും. തുടർച്ചയായ പതിനെട്ടാം വർഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.
തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്. രാജ്യത്ത് ഉച്ചവിശ്രമ നിയമം ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ 600590000 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചൂട് കൂടിയ സാഹചര്യത്തിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.