തിരുവനന്തപുരം > ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്‌സന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. ഫിൻലൻഡ് അംബാസിഡർ കിമ്മോ ലാ ഡേവിർട്ട, കോൺസുൽ ജനറൽ എറിക് അഫ് ഹാൾസ്‌ട്രോം, എന്നിവരടങ്ങുന്ന സംഘമാണ് കൂടിക്കാഴ്‌ച നടത്തിയത്. ടാലൻറ് മൊബിലിറ്റി, നഴ്‌സിങ്, ഐടി, വിദ്യാഭ്യാസം, കൃഷി, ടൂറിസം, മറൈൻ, ഫിഷറീസ് മേഖലകളിൽ ഫിൻലൻറുമായി സഹകരണത്തിന് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിൻറെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രീ സകൂളുകളും പ്രൈമറി സ്‌കൂളുകളും സന്ദർശിച്ചപ്പോൾ കുട്ടികൾ സന്തോഷത്തോടെ ക്ലാസിൽ ഇടപെടുന്നതും അധ്യാപകർ നല്ലരീതിയിൽ ക്ലാസ് എടുക്കുന്നതും കണ്ടുവെന്ന് ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെട്ട അവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിൽ കേരളത്തെ മുഖ്യപങ്കാളിയാക്കുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡിജിറ്റലൈസേഷൻ, വിദ്യാഭ്യാസം, സുസ്ഥിരത, നൂതനത്വം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കുന്ന കരാർ വൈകാതെ ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ 15 സ്റ്റാർട്ടപ്പുകൾ കേരളവുമായുള്ള സഹകരണം ഉറപ്പാക്കി കഴിഞ്ഞുവെന്നും ഫിൻലൻഡ് അധികൃതർ പറഞ്ഞു. യോഗത്തിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി വേണു, പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻബില്ല, റാണി ജോർജ്, ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ, ഫിൻലൻഡ് സംഘാംഗങ്ങളായ അലക്‌സാണ്ടർ ജുനൽ, ജൊഹാന കോപോനെൻ, വിദ്യാഭ്യാസ ശാസ്‌ത്ര കൗൺസിലർ മിൽക്കാ ടിറോനൻ തുടങ്ങിയവർ പങ്കെടുത്തു.