ദില്ലി: രാജ്യത്തെ ഇസ്രയേൽ എംബസിക്ക് പുറകിലെ സ്ഫോടനത്തിൽ ടൈമർ ഉപയോഗിച്ചതായി സംശയം. ഫോറൻസിക് പരിശോധന പൂര്‍ത്തിയായി സ്ഫോടകവസ്തുവിന്റെ ചില ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഭയപ്പെടുത്താനുള്ള ശ്രമമായിരുന്നു നടന്നത് എന്ന സംശയത്തിലാണ് അന്വേഷണ സംഘം. 12 പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. എൻഎസ്ജി പരിശോധന പൂർത്തിയാക്കി ദില്ലി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നില്ല.
കേസെടുത്തത് അജ്ഞാതർക്കെതിരെയാണ്. സ്ഫോടനത്തിന് പിന്നിൽ ആരെന്ന് ഇനിയും കണ്ടെത്താനായില്ല. സംഭവം ഭീകരാക്രമണമാണെന്നാണ് ഇസ്രയേൽ പറയുന്നത്. അതേസമയം, ദില്ലിയിലെ സ്ഫോടത്തില്‍ അന്വേഷണം തുടരുന്നതിനിടെ രണ്ട് മാസം മുന്‍പ് ഭീഷണിയുണ്ടെന്ന് ഇസ്രയേല്‍ എംബസി, ഇന്ത്യയെ അറിയിച്ചിരുന്നുവെന്ന വിവരം പുറത്ത് വന്നിരുന്നു. അംബാസിഡർക്കെതിരെ ഭീഷണിയുണ്ടെന്നും എംബസിയുടെ സുരക്ഷ കൂട്ടണമെന്നുമായിരുന്നും ഇസ്രയേലിന്‍റെ ആവശ്യം.
സ്ഫോടന സ്ഥലത്ത് നിന്ന് ഇസ്രയേല്‍ അംബാസിഡർക്കായി എഴുതിയ കത്ത് കണ്ടെത്തിയപ്പോള്‍ തന്നെ സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ കൃത്യത്തിന് പിന്നില്‍ ആരെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിച്ചേർന്നിട്ടില്ല. ഇസ്രായേല്‍ അംബാസിഡർ നഓർ ഗിലോണിന് നേരെ സാമൂഹിക മാധ്യമങ്ങളില്‍ ഭീഷണി സന്ദേശം വന്നിരുന്നുവെന്നും സുരക്ഷ വർധിപ്പിക്കണമെന്നും എംബസി വിദേശകാര്യമന്ത്രാലയം വഴി ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
ഒക്ടോബർ പകുതിയോടെയാണ് ഭീഷണികള്‍ അംബാസിഡർക്ക് നേരെ ഉണ്ടായത്. എന്നാല്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഇന്ത്യ സുരക്ഷ വർധിപ്പിച്ചിരുന്നോ എന്നത് സംബന്ധിച്ച വിശ്വസനീയമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്ഫോടന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളിലെയും എംബസിയോട് ജാഗ്രത പുലർത്തണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്‍മാരോട് ആള്‍ക്കൂട്ട സ്ഥലങ്ങളില്‍ അതീവ ശ്രദ്ധ വേണമെന്നും രാജ്യം നിർദേശിച്ചിരുന്നു.