അഹമ്മദാബാദ്: രാജ്കോട്ട് ഗെയിമിങ് സെന്ററിലെ തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനെ വിശ്വസിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈകോടതി. സംഭവത്തിൽ സർക്കാരിന്റെയും രാജ്കോട്ട് മുൻസിപ്പൽ കോർപ്പറേഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ കോടതി രൂക്ഷമായി വിമർശിച്ചു. അപകടത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ലൈസൻസോ അഗ്നിരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് രണ്ടു വർഷത്തോളം ഗെയിമിങ് സെന്റർ പ്രവർത്തിച്ചതെന്ന വിവരം അറിയിച്ചപ്പോഴായിരുന്നു സർക്കാരിനെ വിശ്വസിക്കാനാവില്ലെന്ന് കോടതി പ്രതികരിച്ചത്. ഗെയിമിങ് സെന്ററിന് പ്രവർത്തനാനുമതി തേടിയിരുന്നില്ലെന്ന് പറഞ്ഞ മുൻസിപ്പൽ കോർപ്പറേഷനെയും കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഗെയിമിങ് സെന്റർ നിയമവിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മുൻസിപ്പൽ ഉദ്യോഗസ്ഥർ എന്ത് ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു.
അതേസമയം അഹമ്മദാബാദിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന രണ്ട് ഗെയിമിങ് സെന്ററുകൾ കൂടിയുണ്ടെന്നും 72 മണിക്കൂറിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു രാജ്യത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. അപകടത്തിൽ കുട്ടികളടക്കം 27 പേർ മരിച്ചു.