ഇന്ത്യയിൽ ഇത് സ്മാർട് വാച്ചുകളുടെ അവതരണ കാലമാണ്. രാജ്യത്തെ മുൻനിര വെയറബിൽസ് ബ്രാൻഡായ ഫയർ ബോൾട്ട് പുതിയ സ്മാർട് വാച്ച് അവതരിപ്പിച്ചു. ഫയർ ബോൾട്ടിന്റെ എക്കാലത്തെയും വിലകുറഞ്ഞ സ്മാർട് വാച്ച് നിൻജ 2 ആണ് പുറത്തിറക്കിയത്. വിവിധ ആരോഗ്യ, കായിക മോഡുകളുമായാണ് ഉപകരണം വരുന്നത്. ഇന്ത്യൻ വിപണിയിൽ ആവശ്യക്കാരുള്ളതും ബജറ്റ് സ്മാർട് വാച്ചുകൾക്കാണ്. ആഴ്‌ചകൾക്ക് മുൻപ് അവതരിപ്പിച്ച ഫയർ ബോൾട്ട് നിഞ്ചയുടെ പരിഷ്കരിച്ച പതിപ്പാണ് നിൻജ 2. പുതിയ വാച്ചിൽ നിരവധി ജീവിതശൈലികളുടെ ട്രാക്കിങ് ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൃദയമിടിപ്പ് ട്രാക്ക് ചെയ്യാം, ഉറക്കം നിരീക്ഷിക്കാം, രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കാം, ധ്യാനാത്മക ശ്വസനം, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം തുടങ്ങിയ സവിശേഷതകളാൽ കൂടുതൽ ഇഴചേർന്നതാണ് ഈ സ്മാർട് വാച്ച്.
ഫയർ ബോൾട്ട് നിൻജ 2ന് ഇന്ത്യയിൽ 1,899 രൂപയാണ് പ്രാരംഭ വില. ഫയർ ബോൾട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോണിൽ നിന്നും സ്മാർട് വാച്ച് വാങ്ങാം. നീല, പിങ്ക്, കറുപ്പ് എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫയർ ബോൾട്ട് നിൻജ 2 വരുന്നത്. 240×240 പിക്‌സൽ റെസല്യൂഷനോട് കൂടിയ 1.3 ഇഞ്ച് ഫുൾ ടച്ച് ഡിസ്‌പ്ലേയാണ് ഫയർ ബോൾട്ട് നിഞ്ച 2 അവതരിപ്പിക്കുന്നത്. സൈക്ലിങ്, ബാഡ്മിന്റൺ, ഓട്ടം, ക്രിക്കറ്റ്, കബഡി, എയ്‌റോബിക്‌സ് തുടങ്ങി 30 സവിശേഷവും വ്യത്യസ്തവുമായ സ്‌പോർട്‌സ് മോഡുകളുമായാണ് നിഞ്ച 2 വരുന്നത്. വസ്ത്രധാരണത്തിനോ വ്യക്തിത്വത്തിനോ അനുയോജ്യമാക്കാൻ കഴിയുന്ന ഒന്നിലധികം വാച്ച് ഫെയ്‌സുകൾക്ക് പുറമേയാണിത്.വെള്ളം, പൊടി പ്രതിരോധത്തിനായി വാച്ച് IP68 റേറ്റുചെയ്തിരിക്കുന്നു. അലാം, സ്റ്റോപ്പ് വാച്ച്, ഒന്നിലധികം വാച്ച് ഫെയ്‌സുകൾ, സ്‌മാർട് അറിയിപ്പുകൾ, കാലാവസ്ഥാ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ വാച്ചിൽ സജ്ജീകരിച്ചിരിക്കുന്നു. നിൻജ 2 ന് ഒറ്റ ചാർജിൽ ഏഴ് ദിവസം വരെ പ്രവർത്തിക്കാൻ സാധിക്കും. സ്റ്റാൻഡ്‌ബൈ മോഡിൽ സൂക്ഷിക്കുകയാണെങ്കിൽ ഒറ്റ ചാർജിൽ വാച്ചിന് 25 ദിവസത്തിലധികം നീണ്ടുനിൽക്കും.