ചെന്നൈ ∙ നഗരത്തിന്റെ പ്രധാന മുഖമുദ്രകളിലൊന്നായ മൗണ്ട് റോഡ് (അണ്ണാശാല) എൽഐസി കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ച പരസ്യ ബോർഡിൽ നിന്നുള്ള ഷോർട് സർക്യൂട്ടിനെത്തുടർന്ന് ഞായറാഴ്ച വൈകിട്ടാണ് 14–ാം നിലയിൽ തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന അരമണിക്കൂറിനുള്ളിൽ തീയണച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. എൽഐസിയുടെ ദക്ഷിണ മേഖലാ ആസ്ഥാനം പ്രവർത്തിക്കുന്ന ഓഫിസ് മന്ദിരം ഒരു കാലത്ത് ചെന്നൈ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. 1975 ജൂലൈ 11നുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിനു കനത്ത നാശനഷ്ടം സംഭവിച്ചതിനൊപ്പം സുപ്രധാന രേഖകളടക്കം കത്തിനശിച്ചിരുന്നു. ഒരു ദിവസത്തിലേറെ പ്രയത്നിച്ചാണ് അന്ന് തീയണച്ചത്.