റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ എണ്ണ ഫാക്ടറിയില്‍ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് റാസല്‍ഖൈമയിലെ അല്‍ ഹുലൈല മേഖലയിലെ എണ്ണ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
തീപിടിത്തമുണ്ടായ വിവരം ശനിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് അംഗങ്ങളും പൊലീസും സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തീ പടരുന്നത് തടയുകയും തീപിടിത്തം നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥലത്ത് തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളും നടത്തിയതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു. വന്‍ നാശനഷ്ടം ഉണ്ടായെങ്കിലും അതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












