മുംബൈ: മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും മരണം ആറായി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് മരണവിവരം പുറത്തുവിട്ടത്.
സ്ഫോടനത്തിൽ 48 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരെ എയിംസിലും നെപ്ടൂൺ, ഗ്ലോബൽ ആശുപത്രികളിലും പ്രവേശിപ്പിച്ചു.താനെ ജില്ലയിലെ ദോംബിവ്ലിയിൽ സ്ഥിതി ചെയ്യുന്ന ആംബർ കെമിക്കൽ ഫാക്ടറിയിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. പിന്നാലെ ഫാക്ടറിക്ക് തീപിടിച്ചു. ഉച്ചക്ക് 1.40ഓടെ നടന്ന സ്ഫോടനത്തിൽ ഫാക്ടറി കെട്ടിടത്തിന്‍റെ ജനാലചില്ലുകളും സമീപത്തെ വീടുകളും തകർന്നതായി വിവരമുണ്ട്.
ഫാക്ടറിയിലെ സ്ഫോടനശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത പ്രതിരോധ സേനയും സംസ്ഥാന ദുരന്ത പ്രതിരോധ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.