മുംബൈ: ഘാട്‌കോപ്പർ പ്രദേശത്തെ പരാഖ് ആശുപത്രിക്ക് സമീപമുള്ള ജൂണോസ് പിസ്സ റസ്‌റ്റോറന്റിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തമുണ്ടായത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് മുംബൈ ഫയർ സർവീസ് അറിയിച്ചു. വിവരമറിഞ്ഞ് അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരാഖ് ആശുപത്രിക്ക് സമീപമുള്ള വിശ്വാസ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന ജൂനോസ് പിസ്സ ഹോട്ടലിന്റെ ഇലക്ട്രിക് മീറ്റർ മുറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ പരിക്കേറ്റ മൂന്ന് പേരെയും രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു. ഖുർഷി ദെദിയ (46) ആണ് മരിച്ചത്.
പരിക്കേറ്റവരിൽ ഒരാളായ ടാനിയ കാംബ്ലെയ്ക്ക് 18% മുതൽ 20% വരെ പൊള്ളലേറ്റു. 20 കാരിയായ കുൽസും ഷെയ്ഖ് ആണ് പരിക്കേറ്റ മറ്റൊരാൾ. തീ പിടിത്തമുണ്ടായതിനെ തുടർന്ന് സമീപത്തുള്ള പരാഖ് ആശുപത്രിയിൽ നിന്ന് 22 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ശ്വാസതടസ്സം അനുഭവപ്പെടുന്നതായി ഇവർ പറഞ്ഞതിനാലാണ് മറ്റൊരാശുപത്രിയിലേക്ക് മാറ്റിയത്. തീ പിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.