ദില്ലി : രാജ്യത്തെ പല ഭാഗങ്ങളിലായി ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് തീപിടിച്ച സംഭവങ്ങളില്‍ ഫോറന്‍സിക് അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. സംഭവങ്ങള്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ തെറ്റ് കണ്ടെത്തിയാല്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുക്കും എന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് തീപിടിച്ച നാല് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്. ഞങ്ങള്‍ സെന്റര്‍ ഫോര്‍ ഫയര്‍ എക്‌സ്‌പ്ലോസീവ് ആന്റ് എന്‍വയോണ്‍മെന്റ് സേഫ്റ്റി (സിഎഫ്ഇഇഎസ്), ഡിആര്‍ഡിഒ, ബെംഗളൂരുവിലെ ഐഐഎസ്‌സി എന്നിവയില്‍ നിന്നുള്ള വിദഗ്ധരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഓരോ സംഭവത്തിലും ഫോറന്‍സിക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.
ഇവികള്‍ക്കും ബാറ്ററികള്‍ക്കും അനുമതി നല്‍കുന്നതിനുള്ള ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ ആഗോള നിലവാരം അനുസരിച്ചാണെന്നും അപകടങ്ങള്‍ക്ക് പിന്നിലെ കൃത്യമായ സാങ്കേതിക കാരണം കണ്ടെത്തി സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം അതിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.