കൊച്ചി: ബ്രഹ്മപുരത്തെ 110 ഏക്കർ മാലിന്യ പ്ലാൻറിലെ സുരക്ഷ കോർപ്പറേഷൻ കുട്ടിക്കളിയാക്കിയതാണ് സ്ഥിതി വഷളാക്കിയത്.അപകട സാഹചര്യം നേരിടുന്നതിനുള്ള അടിസ്ഥാന സൗകര്യം പോലും പ്ലാൻറിൽ കോർപ്പറേഷൻ ഒരുക്കിയില്ല. ഇത് അക്കമിട്ട് നിരത്തി അഗ്നിരക്ഷാ സേന ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുന്നു.
ഭക്ഷണ വേസ്റ്റ്,പ്ലാസ്റ്റിക്ക്,മെഡിക്കൽ മാലിന്യം,ഫാക്ടറി മാലിന്യം,മറ്റ് അജൈവ മാലിന്യങ്ങൾ പല സ്വഭാവത്തിലുള്ള ഒരു നഗരത്തിൻറെ മാലിന്യം പേറുകയാണ് ബ്രഹ്മപുരം. ഒരു ദശാബ്ദത്തിലേറെയായി.സുരക്ഷയിലും,അപകട സാഹചര്യങ്ങളിലെ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾക്ക് ഒരു വീട്ടുവീഴ്ചയും പാടില്ലാത്ത തന്ത്ര പ്രധാന മേഖല. എന്നാൽ മാർച്ച് രണ്ടിന് ബ്രഹ്മപുരം കത്തിയപ്പോൾ ഒരു ബക്കറ്റ് വെള്ളം പോലും ഒഴിക്കാൻ കഴിയാതെ പ്ലാൻറിലുള്ളവർ കാഴ്ചക്കാരായി.വിഷവാതകങ്ങൾക്കും വിഷപുകക്കും ആളിപടർന്ന തീക്കും ഇടയിൽ ജീവൻ പണയം വച്ച് പ്രവർത്തിച്ച അഗ്നിരക്ഷാ സേനയുടെ ജില്ലാ ഓഫീസർ ജില്ലാ കളക്ടർക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്ന പ്രധാന വീഴ്ചകൾ ഇവയാണ്
1. ഉദ്ദേശം 50ഏക്കർ വരുന്ന മാലിന്യ ശേഖരത്തിൽ ഫയർഫോഴ്സ് വാഹനങ്ങൾക്ക് കടക്കാൻ പോലും വഴിയില്ല
2. അഗ്നി രക്ഷാ പ്രവർത്തനങ്ങൾക്ക് വെള്ളം ലഭ്യമാകാൻ തടസമുണ്ടായി
3. അഗ്നി പ്രതിരോധ സംവിധാനങ്ങൾ പ്ലാൻറിൽ സ്ഥാപിച്ചിട്ടില്ല
4. മാലിന്യം ഇളക്കി മാറ്റി തീകെടുത്തുന്നതിനുള്ള ഉപകരണങ്ങൾ ഇല്ല.
5. പ്ലാൻറിന് അടുത്തുള്ള കടമ്പ്രയാറിൽ കടക്കാനാകാതെ മതിൽ കെട്ടി അടച്ചു
6 .മതിയായി സെക്യുരിറ്റി സംവിധാനം ഇല്ല
ബ്രഹ്മപുരത്തിൻ്റെ സുരക്ഷ ഉറപ്പാക്കൽ ആരുടെ ഉത്തരവാദിത്തമാണ് എന്നതിൽ ഒരു സംശയവുമില്ല. 110 ഏക്കറിലെ സുരക്ഷ പ്രാഥമികമായി കോർപ്പറേഷൻറെ ഉത്തരവാദിത്തമാണ്. അവരവരുടെ പദ്ധതി പ്രദേശങ്ങളിൽ കരാർ കമ്പനികളും ജാഗ്രത പുലർത്തണം. ഒരു ഫയർ ഹ്രൈഡൻറ് പോലും ഇല്ലാതെയാണ് മാലിന്യ പ്ലാൻറ് പ്രവർത്തിച്ചതെന്നറിയാൻ ഒരു തീപിടുത്തം വേണ്ടി വന്നു. മുമ്പ് തീപിടുത്തം ഉണ്ടായിട്ടും ആരും ഒന്നും പഠിച്ചില്ല.
ഒരു മൊട്ടുസൂചി കമ്പനി സ്ഥാപിച്ചാൽ പോലും നിയമപരമായി ഉറപ്പാക്കേണ്ട ചില സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്. അഗ്നിരക്ഷാ സംവിധാനം ഇല്ലാതെ മാലിന്യപ്ലാൻറ് ഇത്രനാളും പ്രവർത്തിച്ചപ്പോൾ അധികാരികൾ ഉറങ്ങുകയായിരുന്നോ…? എന്തായാലും കുറ്റകരമായ ഈ അലംഭാവം കൊച്ചിക്കാരുടെ ജീവൻ പണയം വച്ചുള്ള കളിയായി മാറിയ കാഴ്ചയാണ് ഇപ്പോൾ കേരളം കാണുന്നത്.
ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നത്
മാലിന്യ പ്ലാൻറിൽ അടിക്കടി തീപിടുത്തം ഉണ്ടാകുന്നു
വിഷപുക ശ്വസിച്ച് അഗ്നിരക്ഷാസേനാ അംഗങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി
തീപിടുത്തം ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങൾ നൽകിയെങ്കിലും അതൊന്നും കോർപ്പറേഷൻ പാലിച്ചില്ല
ബ്രഹ്മപുരത്തിൻ്റെ സുരക്ഷയ്ക്കുള്ള അഗ്നിരക്ഷയുടെ ശുപാർശകൾ
പ്ലാൻറിന് ചുറ്റും എട്ട് മീറ്റർ വീതിയിൽ റോഡ്
ഉൾഭാഗങ്ങളിൽ ആറ് മീറ്റർ വിതിയിൽ പാത
മാലിന്യ കൂനകളുടെ നാല് വശവും റോഡ്
കടമ്പ്രയാറിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ സംവിധാനം
മെയിൻ ഗേറ്റിന് സമീപം ഓപ്പൺ വാട്ടർ സോഴ്സ്
സുരക്ഷക്ക് കോർപ്പറേഷൻ ജീവനക്കാരെ വിന്യസിക്കണം
മാലിന്യ പ്ലാൻറിൽ പൊലീസ് പട്രോളിംഗ്