മുംബൈ: ഞായറാഴ്ച പുലർച്ചെ മുംബൈയിലെ ബാന്ദ്രയിലുള്ള ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിവയ്പ്പ്. അജ്ഞാതരായ അക്രമികൾ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് പറഞ്ഞു. നടൻ്റെ ഗാലക്സി അപ്പാർട്ട്മെൻ്റ് വസതിക്ക് പുറത്ത് പുലർച്ചെ അഞ്ച് മണിയോടെ ബൈക്കിലെത്തിയ രണ്ട് അജ്ഞാത അക്രമികൾ അഞ്ച് റൗണ്ട് വെടിയുതിർത്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
പോലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സൽമാൻ ഖാൻ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. ബാന്ദ്ര പൊലീസ് സംഭവത്തില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ലോക്കൽ പോലീസിനൊപ്പം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. അക്രമികൾ ഹെൽമറ്റ് ധരിച്ചിരുന്നതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.ഗുണ്ടാ തലവന്‍ ലോറൻസ് ബിഷ്ണോയിയുടെ ഭീഷണിയെത്തുടർന്ന് 2023 സെപ്റ്റംബറിൽ മുംബൈ പോലീസ് സൽമാൻ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.