ബ്രസീൽ : ഈ മാസാവസാനം നടക്കാനിരിക്കുന്ന അവസാന വട്ട ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് ബ്രസീൽ. മുന്നേറ്റത്തിലെ സൂപ്പർ താരങ്ങളായ റോബർട്ടോ ഫിർമീനോ, ഗബ്രിയേൽ ജെസൂസ് എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചില്ല. പകരം ആഴ്സണലിൻ്റെ 20കാരൻ ഫോർവേഡ് ഗബ്രിയേൽ മാർട്ടിനെല്ലി ടീമിൽ ഇടം നേടി. ഇത് ആദ്യമായാണ് മാർട്ടിനെല്ലി ദേശീയ ടീമിൽ ഇടംപിടിക്കുന്നത്. സൂപ്പർ താരം നെയ്മർ ടീമിൽ തിരികെയെത്തിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ ആഴ്സണലിനായി മികച്ച പ്രകടനം നടത്തിയതോടെയാണ് മാർട്ടിനെല്ലിയെ ടിറ്റെ ടീമിലേക്ക് വിളിക്കുന്നത്. ടീമിൽ നിന്ന് പുറത്തായ ഫിർമീനോയും ജെസൂസും ലോകകപ്പ് ടീമിൽ കളിച്ചേക്കില്ല. ലാറ്റിനമേരിക്കൻ മേഖലയിലെ പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ചിലി, ബൊളീവിയ എന്നിവർക്കെതിരെയാണ് ബ്രസീലിന്റെ അവസാനത്തെ രണ്ട് മത്സരങ്ങൾ.
ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കും. ഖത്തറിലെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ 2000 പ്രത്യേക അതിഥികളെ സാക്ഷിയാക്കിയാവും നറുക്കെടുപ്പ് നടക്കുക. ഇക്കൊല്ലം നവംബർ-ഡിസംബർ മാസങ്ങളിലായാണ് ഫുട്ബോൾ ലോകകപ്പ്. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയെ ലോകകപ്പിൽ നിന്ന് വിലക്കിയിരിക്കുകയാണ്. 32 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. ആതിഥേയരായ ഖത്തർ, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, ബ്രസീൽ, അർജന്റീന തുടങ്ങി 15 ടീമുകൾ ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ശേഷിക്കുന്ന സ്ഥാനങ്ങൾക്കായുള്ള പ്ലേ ഓഫ് മത്സരങ്ങൾ വൈകാതെ നടക്കും.