മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ തീർത്ഥാടക സംഘം ചൊവ്വാഴ്ച്ച സൗദിയിലെത്തും. ചൊവ്വാഴ്ച അർദ്ധരാത്രി 12.05 ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ഥാടകരാണ് ജിദ്ദയിലേക്ക് പുറപ്പെടുക. ഇവർ ചൊവ്വാഴ്ച് പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും. ഇവരെ പിന്നീട് ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കുന്ന ബസ് മാർഗ്ഗം മക്കയിലെത്തിക്കും. ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തുന്ന ആദ്യ മലയാളി തീർത്ഥാടക സംഘത്തെ സ്വീകരിക്കാൻ ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിലും മക്കയിലും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. മക്കയിലെ അസീസിയിലാണ് ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ആദ്യമെത്തുന്ന മലയാളി തീർത്ഥാടകരെ സ്വീകരിക്കാനും സേവനത്തിനുമായി ജിദ്ദയിലും മക്കയിലും വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ സജീവമായി രംഗത്തുണ്ടാവും.
സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഇന്ന് രാവിലെ 10 മണി മുതൽ കരിപ്പൂർ ഹജ്ജ് ഹൗസിൽ തുടക്കമാവും. ആദ്യ ഹജ്ജ് സംഘത്തിനെ യാത്രയയക്കാൻ ഹജ്ജ് ക്യാമ്പിൽ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് 4.30നാണ് കരിപ്പൂർ ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. മൂന്നു വിമാനങ്ങളാണ് ചൊവ്വാഴ്ച കരിപ്പൂരിൽ നിന്നും ഹാജിമാർക്കായി ഒരുക്കിയിട്ടുള്ളത്. അർധരാത്രി 12.05 പുറപ്പെടുന്ന ആദ്യ വിമാനത്തിന് പുറമെ രാവിലെ എട്ടിനും വൈകിട്ട് മൂന്നിനും ഹാജിമാരുടെ സംഘം കരിപ്പൂരിൽ നിന്ന് യാത്ര തിരിക്കും.
കേരളത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. കരിപ്പൂരില്‍ നിന്ന് 10,430, കൊച്ചിയില്‍ നിന്ന് 4,273, കണ്ണൂരില്‍ നിന്ന് 3,135 തീര്‍ത്ഥാടകരാണ് യാത്ര തിരിക്കുക. മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് ഇത്തവണ ഹജ്ജ് സര്‍വീസ് നടത്തുന്നത്. ജിദ്ദയിലേക്കെത്തുന്ന തീർത്ഥാടകരുടെ ഹജ്ജ് കഴിഞ്ഞുള്ള മടക്കം മദീന വിമാനത്താവളം വഴിയായിരിക്കും.