മനാമ: ബഹ്‌റൈന്‍ പ്രതിഭയുടെ പ്രഥമ അന്തര്‍ ദേശീയ നാടക അവാര്‍ഡ് ദാനം തിരുവല്ലയില്‍ നടന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാര്‍ഡ് ജേതാവായ രാജശേഖരന്‍ ഓണംതുരുത്തിന് പുരസ്‌കാരം സമ്മാനിച്ചു. ‘ഭഗവാന്റെ പള്ളി നായാട്ട്’ എന്ന രചനയാണ് അവാര്‍ഡിന് അര്‍ഹമായത്. പ്രതിഭ മുൻ ജനറൽ സെക്രട്ടറി ലിവിന്‍ കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബഹറിൻ പ്രതിഭ പ്രസിഡന്റ് അഡ്വ: ജോയി വെട്ടിയാടന്‍ അധ്യക്ഷത വഹിച്ചു. ജൂറി അംഗവും പ്രശസ്ത നാടക പ്രവര്‍ത്തകനുമായ ഡോ:സാം കുട്ടി പട്ടം കരി, സി.പി.എം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസ് വി. അന്റണി, പുരസ്കാര ജേതാവ് ഓണംതുരുത്ത് രാജശേഖൻ എന്നിവർ സംസാരിച്ചു.
ബഹറൈന്‍ പ്രവാസിയും പ്രവാസി കലാശ്രീ പുരസ്ക്കാര ജേതാവുമായ മോഹന്‍രാജ് പി എൻ, ബഹ്റിൻ പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം ഷിബു ചെറുതുരുത്തി, പ്രതിഭ മെംബറായ ഷൈൻ ജോയ്, നർത്തകനും നാടക കലാ പ്രവർത്തകനുമായ ശിവകുമാർ കുളത്തുപ്പുഴ എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു. പ്രതിഭ കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷംജിത്ത് കോട്ടപ്പള്ളി നന്ദി രേഖപ്പെടുത്തി.
കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ കവിയും സാംസ്‍കാരിക പ്രവര്‍ത്തകനും ജൂറി ചെയര്‍മാനുമായ സച്ചിദാനന്ദൻ ആയിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചത്. ലഭിച്ച 21 നാടക രചനകളിൽ നിന്നും അവസാന റൗണ്ടിൽ എത്തിയ ശ്രീജിത്ത് പോയില്‍കാവിന്‍റെ ‘അകലെ അകലെ മോസ്കോ’, റഫീക്ക് മംഗലശേരിയുടെ ‘ആരാണ് ഇന്ത്യക്കാർ, രാജശേഖരൻ ഓണം തുരുത്തിന്റെ ‘ഭഗവാന്റെ പള്ളിനായാട്ട്’ എന്നീ നാടകങ്ങളിൽ നിന്ന് പുരസ്‍കാര ജേതാവിനെ തെരഞ്ഞെടുത്തത് ജൂറി അംഗങ്ങളായ സച്ചിദാനന്ദൻ, ഡോ. സാംകുട്ടി പട്ടംകരി എന്നിവര്‍ ചേർന്നായിരുന്നു. 25,000 രൂപയും സാംകുട്ടി പട്ടംകരി രൂപകല്പന ചെയ്ത ഫലകവുമാണ് സമ്മാനിച്ചത്.