ദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുമായി കൂടിക്കാഴ്ച്ച നടത്തി സഞ്ജയ് സിങ് എംപി. ഖാർഗേയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച നടക്കുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ അറസ്റ്റിന് ശേഷം ഇതാദ്യമായിട്ടാണ് ഇരു പാർട്ടികളുടെയും ഉന്നത നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച്ച നടക്കുന്നത്. അതിനിടെ, കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങൾ പങ്കുവെച്ച് സഞ്ജയ് സിങ്ങ് എം പി രംഗത്തെത്തി. ഇന്ത്യാ സഖ്യത്തിന് പൊതു മിനിമം പരിപാടി നിർദേശിച്ചുവെന്നും ഇതു സംബന്ധിച്ച് കോൺഗ്രസുമായി ചർച്ച നടത്തിയെന്നും സഞ്ജയ് സിങ്ങ് എം പി അറിയിച്ചു. എഎപിയുടെ അഭിപ്രായങ്ങൾ ഖാർഗേയെ അറിയിച്ചു. ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉടൻ ഉണ്ടാവും. കോൺഗ്രസ് ദില്ലിയിലെ മൂന്ന് സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു.
ദില്ലിയിൽ സുനിത കെജ്രിവാൾ മുഖ്യമന്ത്രിയാകില്ലെന്ന് നേരത്തെ സഞ്ജയ് സിംഗ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് കെജ്രിവാൾ മതിയെന്നാണ് പാർട്ടിയുടെ ഔദ്യോഗിക തീരുമാനമെന്നും സഞ്ജയ് സിംഗ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേരില്ലെന്നും കെജ്രിവാളിനാണ് ദില്ലിയിലെ ജനങ്ങൾ വോട്ടു ചെയ്തതെന്നും സഞ്ജയ് സിംഗ് ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മദ്യനയകേസിലെ പല രേഖകളും ഇഡി മറച്ചു വച്ചാണ് നേതാക്കൾക്ക് ജാമ്യം നിഷേധിക്കുന്നതെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി.
ദില്ലിയിലെ ഭരണം സ്തംഭിപ്പിക്കരുത് എന്നാണ് നിർദ്ദേശം. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയവയിലെ മാതൃക പ്രവർത്തനം തുടരണം എന്നാണ് സന്ദേശം. കെജ്രിവാൾ ജയിലിൽ ആണെങ്കിലും മന്ത്രിമാരും എംഎൽഎമാരും ജനങ്ങൾക്കിടയിലേക്കിറങ്ങണം. കെജ്രിവാളിന് ജയിലിൽ കിടന്നു കൊണ്ട് ഭരിക്കാൻ കഴിയുമോയെന്ന സംശയത്തിനും കൃത്യമായ മറുപടിയാണ് സഞ്ജയ് സിംഗ് നൽകുന്നത്. അദ്ദേഹം കുറ്റാരോപിതൻ മാത്രമാണ്. കുറ്റവാളി അല്ല. കെജ്രിവാൾ രാജിവയ്ക്കണം എന്ന് ഭരണഘടനയിൽ ഒരു വ്യവസ്ഥയുമില്ല. ഹൈക്കോടതി മൂന്ന് അപേക്ഷകൾ തള്ളി. രാജിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.
ദില്ലിയിലെ ജനങ്ങൾ വോട്ടു ചെയ്തത് അരവിന്ദ് കെജ്രിവാളിനാണ്. അരവിന്ദ് കെജ്രിവാൾ രാത്രിയും പകലും ദില്ലിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ജോലി ചെയ്തത്. അതിനാൽ ജനങ്ങൾ വോട്ട് എനിക്കല്ല കെജ്രിവാളിനാണ് നൽകിയത്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് താനുണ്ടാവില്ല. കെജ്രിവാളിന്റെ ഭാര്യ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്കും സഞ്ജയ് സിംഗിന് മറുപടിയുണ്ട്. കെജ്രിവാൾ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോഴും ആണ്. ഇനിയും അങ്ങനെ ആയിരിക്കും. ഇതാണ് ഔദ്യോഗിക നിലപാടെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കുന്നു.