തിരുവനന്തപുരം > കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒക്ടോബർ 4 ന് വൈകിട്ട് 4ന് ആദ്യ ചരക്ക് കപ്പലെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഒക്ടോബർ 28 ന് രണ്ടാമത്തെ കപ്പലും നവംബർ 11, 14 തീയതികളിലായി തുർന്നുള്ള ചരക്ക് കപ്പലുമെത്തുമെന്നും മന്ത്രി അറിയിച്ചു.ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് തുറമുഖത്തിനാവശ്യമായ ക്രെയിനുകൾ കൊണ്ടാണ് ആദ്യകപ്പൽ എത്തുന്നത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ പോർട്ട് അങ്കണത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ് സോനോവൾ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും.
ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയിനുകളാണ് വിഴിഞ്ഞത്ത് സജജീകരിക്കുന്നത്. ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത സ്വാഭാവിക ആഴം 20 മീറ്ററിൽ അധികമുള്ള അന്താരാഷ്ട്ര കപ്പൽ ചാലിനോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടയ്‌നർ തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവുമാണ് വിഴിഞ്ഞം. പുലിമൂട്ടിന്റെ മുക്കാൽ ഭാഗവും നിർമ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ പൂർത്തിയാക്കേണ്ട 400 മീറ്റർ ബർത്തിന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. കേരളത്തിന്റെ സാമ്പത്തിക കുതിപ്പിനും, വികസന പുരോഗതിയുടെയും ചാലകശക്തിയായി ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുമെന്ന് നിയമസഭ മീഡിയ റൂമിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയുടെ പ്രകാശനവും 20ന് രാവിലെ 11 മണിക്ക് മസ്‌ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി നിർവ്വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവർ പങ്കെടുക്കും. ലോകത്തെ ഷിപ്പിംഗ് ലൈനിലുള്ള നൂറോളം കമ്പനികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് 2023 ഒക്ടോബർ അവസാനവാരം ഇന്റർനാഷണൽ ഷിപ്പിംഗ് കോൺക്ലേവ് സംഘടിപ്പിക്കും. മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാർ, വ്യവസായ പ്രമുഖർ എന്നിവർ ഈ ചടങ്ങിൽ പങ്കെടുക്കും. മുംബൈയിൽ 2023 ഒക്ടോബർ രണ്ടാംവാരത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മറൈൻ എക്‌സിബിഷനിൽ കേരള മാരിടൈം ബോർഡും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി വിസിലും പങ്കെടുക്കും. കേരളത്തിന്റെ മറൈൻ നിക്ഷേപക സാധ്യതകൾ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നിവയെ ലോക നിക്ഷേപക സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള പവലിയനും തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സിക്രട്ടറി ശ്രീനിവാസ് ഐഎ എസ്, വിസിൽ എംഡി ഡോ. അദീല അബ്ദുള്ള ഐഎഎസ്, എവിപിപിഎൽ സിഇഒ രാജേഷ് ഝാ, ഓപ്പറേഷൻ മാനേജർ സുശീൽകുമാർ എന്നിവർ പങ്കെടുത്തു.