മസ്കറ്റ്: ദോഫാർ നഗരസഭയുടെ നേതൃത്വത്തിൽ ഈ വര്‍ഷം മുതൽ സലാലയിൽ ആദ്യമായി “അൽ സർബ്” ഉത്സവം സംഘടിപ്പിക്കുന്നു. പ്രാദേശികമായി “അൽ സർബ്” എന്ന് വിളിക്കപ്പെടുന്ന ദോഫാർ ഗവർണറേറ്റിലെ വസന്തകാലം സെപ്തംബർ 21 ന് ആരംഭിച്ച് മൂന്ന് മാസത്തേക്ക് തുടരുകയും ചെയ്യും.
സലാലയിലെ മൺസൂൺ കാലാവസ്ഥയായ ഖരീഫിനു ശേഷം ചൂടും തണുപ്പും ഇടകലർന്ന വളരെ മിതമായ കാലാവസ്ഥ, കുറഞ്ഞ ഈർപ്പം, സ്ഥിരതയുള്ള കടൽ സാഹചര്യങ്ങൾ എന്നിവ ദോഫാർ ഗവർണറേറ്റിലെ വസന്തകാലത്തെ അടയാളപ്പെടുത്തുന്നു. വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള ഒരു കാലാവസ്ഥയാണ് സെപ്തംബര്‍ 21 മുതൽ ഡിസംബർ അവസാനം വരെ സലാലയിൽ ഉണ്ടാകുക. അതിനാൽ “അൽ സർബ്” കാലാവസ്ഥയോടു അനുബന്ധിച്ച് ദോഫാർ നഗരസഭാ ഈ വർഷം മുതൽ ഗവര്‍ണറേറ്റില്‍ “അൽ സർബ്” ഉത്സവം സംഘടിപ്പിക്കുമെന്ന് നഗരസഭാ പുറത്തുറക്കിയ പ്രസ്താവനയിൽ പറയുന്നു.
“അൽ സർബ്” ഉത്സവം അഥവാ വസന്തോത്സവത്തോട് അനുബന്ധിച്ചു ഗവര്ണറേറ്റിൽ കായിക മത്സര പരിപാടികളും, കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
ദോഫാർ “അൽ സർബ് 2022” ലെ പരിപാടികളുമായി ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷകൾ നഗരസഭയിൽ സമർപ്പിക്കുവാൻ കഴിയുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.