ദില്ലി: മദ്യനയക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് മുതൽ പ്രചാരണ രംഗത്തേക്ക്. രാവിലെ 11 മണിക്ക് കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേയ്ക്കാണ് ആദ്യം പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആംആദ്മി പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തും. ദില്ലി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാകും വാർത്താ സമ്മേളനത്തിൽ പറയുക. ബിജെപിക്കെതിരെ കടുത്ത രീതിയിലുള്ള വിമർശനവും ഉണ്ടായേക്കും.
ഇന്ന് വൈകിട്ട് സൗത്ത് ദില്ലിയിൽ നടക്കുന്ന ആംആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് റോഡ് ഷോയിലും മുഖ്യമന്ത്രി പങ്കെടുക്കും. പാർട്ടിക്ക് ശക്തമായ വേരുകളുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ഊർജസ്വലമാക്കി മുന്നോട്ട് പോകാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം. 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാൾ പുറത്തിറങ്ങിയത്. കെജ്രിവാളിന്‍റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കുകയാണ് പ്രവര്‍ത്തകര്‍. വന്‍ സ്വീകരണമാണ് എഎപി പ്രവര്‍ത്തകര്‍ അരവിന്ദ് കെജ്രിവാളിനായി ഒരുക്കിയത്. നിങ്ങളുടെ അടുത്തേക്ക് തിരികെയെത്തിയത് ആവേശത്തിലാക്കുന്നുവെന്നാണ് കെജ്രിവാള്‍ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.
സുപ്രീംകോടതിക്ക് നന്ദിയെന്നും അദ്ദേഹം പ്രതികരിച്ചു. ആകെ ഇരുപത്തിയൊന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അരവിന്ദ് കെജ്രിവാളിന് അനുവദിച്ചിരിക്കുന്നത്. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ 1 വരെയാണ് ഇടക്കാല ജാമ്യം. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്ന് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം നൽകിയത്.