കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി എന്റോള്‍ ചെയ്ത് പത്മലക്ഷ്മി. ഇടപ്പിള്ളി സ്വദേശിനിയാണ് പത്മലക്ഷമി. ഇന്നലെ 1528 അഭിഭാഷകരാണ് എന്റോള്‍ ചെയ്തത്. എന്റോള്‍ ചെയ്ത പത്മലക്ഷ്മി കൂടെ നിന്ന എല്ലാവരോടും നന്ദി പറഞ്ഞു. ഭൗതികശാസ്ത്രത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയതിന് ശേഷം 2019ല്‍ എറണാകുളം ഗവ. ലോ കോളേജില്‍ നിയമപഠനത്തിനെത്തി. എല്‍എല്‍ബി അവസാന വര്‍ഷമാണ് അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച് കൃത്യമായി സംസാരിക്കുന്നത്. അച്ഛന്‍ മോഹനകുമാറും അമ്മ ജയയും പത്മയ്ക്ക് പൂര്‍ണപിന്തുണ നല്‍കിയെന്നും പത്മലക്ഷ്മി പറയുന്നു.
അതേസമയം പത്മലക്ഷ്മിക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പി രാജീവ് രംഗത്തെത്തി. ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെപ്പോഴും കഠിനമായ നേട്ടമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ മുന്‍ഗാമികളില്ല. തടസങ്ങള്‍ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. ഇതിനെയെല്ലാം അതിജീവിച്ചാണ് നിയമചരിത്രത്തില്‍ സ്വന്തം പേര് പത്മലക്ഷ്മി എഴുതിച്ചേര്‍ത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.