ബെംഗളൂരു: ഇന്ത്യൻ റെയിൽവേയുടെ അത്യാധുനിക മുഖമായ അതിവേഗ ട്രെയിൻ സര്‍വീസ്, വന്ദേഭാരത് ദക്ഷിണേന്ത്യയിലും സർവീസ് തുടങ്ങി. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്‍പ്രസ് മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂരു – ബെംഗളൂരു – ചെന്നൈ പാതയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്‍പ്രസ് സർവീസ് നടത്തുന്നത്. ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള ആദ്യ യാത്രയ്ക്ക്, ബെംഗളൂരു കെഎസ്ആർ സ്റ്റേഷനിൽ പ്രധാനമന്ത്രി പച്ചക്കൊടി കാട്ടി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചടങ്ങിൽ പങ്കെടുത്തു. ആദ്യ യാത്രയ്ക്ക് ശേഷം മൈസൂരു – ബെംഗളൂരു – ചെന്നൈ പാതയിൽ വന്ദേഭാരത് ഓടിത്തുടങ്ങും. ആദ്യഘട്ടത്തിൽ ചെന്നൈയിൽ നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്ക് ആറര മണിക്കൂർ കൊണ്ടാണ് വന്ദേഭാരത് ഓടി എത്തുക. ട്രാക്ക് നവീകരണം പൂർത്തിയാകുന്നതോടെ യാത്രാ സമയം 3 മണിക്കൂറായി കുറയും. ഇതോടെ ചെന്നൈ- മൈസൂരു പാതയിലെ യാത്രാക്ലേശത്തിന് വലിയ ഒരളവ് വരെ പരിഹാരമാകും.16 കോച്ചുകൾ അടങ്ങിയ റേക്കാണ് സർവീസിനായി എത്തിച്ചിട്ടുള്ളത്.
രാവിലെ 5.50ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 10.20ന് ബെംഗളൂരുവിലും 12.20ന് മൈസൂരുവിലുമെത്തും. തിരികെ ഒരു മണിക്ക് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി ഏഴരയ്ക്ക് ചെന്നൈയിലെത്തും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടാൻ ശേഷിയുള്ളവയാണ് വന്ദേഭാരത് എങ്കിലും ചെന്നൈ – മൈസൂരു പാതയിൽ 75 -80 കിലോമീറ്റർ വേഗത്തിലാകും സർവീസ് നടത്തുക. സുരക്ഷ വേലി ഇല്ലാത്തതാണ് വേഗത കുറയാൻ കാരണം.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന ശതാബ്ദി എക്സ്പ്രസിനെ അപേക്ഷിച്ച് വന്ദേഭാരതിൽ ടിക്കറ്റ് നിരക്കും കുറവാണ്. ഭക്ഷണം ഉൾപ്പെടെ ചെയർ കാറിന് 1200 രൂപയാണ് നിരക്ക്. ശതാബ്ദിയിൽ 1275 രൂപ നൽകണം. എക്സിക്യുട്ടീവ് കാറിന് 2295 രൂപയാണ് വന്ദേഭാരതിലെ നിരക്ക്. വന്ദേഭാരത് സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി മറ്റ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ളതുമാണ് വന്ദേഭാരത് ട്രെയിനുകൾ. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള അത്യാധുനിക സുരക്ഷാ സംവിധാനമായ കവാച് വന്ദേഭാരത് എക്സപ്രസിൻ്റെ ഭാഗമാണ്. 2023- ആഗസ്റ്റ് 15-നുള്ളിൽ രാജ്യത്താകെ 75 വന്ദേഭാരത് ട്രെയിൻ സര്‍വ്വീസുകൾ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ പാസഞ്ചര്‍ ട്രെയിൻ സര്‍വീസുകളാണ് നടത്തുന്നതെങ്കിലും അതിവേഗ ചരക്കുനീക്കത്തിനുള്ള പ്രത്യേക വന്ദേഭാരത് ട്രെയിനുകൾ ഉടൻ പുറത്തിറക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.