തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അംഗീകരിക്കാൻ രാജ്യസ്നേഹമുള്ള ആർക്കും കഴിയില്ലെന്ന് ഫിഷറീസ്മന്ത്രി വി. അബ്ദുറഹിമാൻ.സമരക്കാർക്ക് പിന്നിൽ ആരാണ് ? അതിന് പ്രേരണ നൽകുന്നത് ആരാണ് എന്നതാണ് പ്രധാനം . സർക്കാരിന് താഴുന്നതിന് ഒരു പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. സമരക്കാരെ സമവായത്തിലെത്തിക്കാൻ ആവുന്നത്ര ശ്രമിച്ചു.തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ട് പോകാനല്ല.
ഒരാഴ്ചയെങ്കിലും തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണം എന്ന് പറയുന്നത് സമരം അല്ല മറ്റെന്തോ ആണ്. തുറമുഖം എന്തായാലും വരും ഇത് സർക്കാരിന്റെ വാക്കാണ്. ഒരു തൊഴിലാളിയുടെ പോലും ഒരിറ്റ് കണ്ണീർ വീഴാൻ സർക്കാർ സമ്മതിക്കില്ല, ഇത് എല്ലാവരും മനസിലാക്കണം.ഇതിലും വലിയ തടസങ്ങൾ മാറ്റിയിട്ടുണ്ട്. ഇച്ഛാശക്തിയുള്ള ഭരണകൂടം വന്നപ്പോഴാണ് ഗെയിൽ ദേശീയ പാത തടസങ്ങൾ മാറിയതെന്നും മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ പ്രചാരണാർഥം വഴിഞ്ഞം സീ പോർട്ട് കമ്പനി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ഫിഷറീസ് മന്ത്രി. അതേസമയം സെമിനാർ ഉദ്ഘാടനം ചെയ്യാനിരുന്ന മുഖ്യമന്ത്രി പരിപാടി ഒഴിവാക്കി. ആരോഗ്യപരമായ കാരണങ്ങളാൽ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഓൺലൈൻ ആയി പോലും മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലെന്നത് ശ്രദ്ധേയാണ്.വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം കഴിഞ്ഞ ദിവസം അക്രമാസക്തമായിരുന്നു. കസ്റ്റഡിയിൽ എടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സമരാനുകൂലികൾ തല്ലി തകർത്തു. വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കി. സംഘഷത്തിൽ 36 പൊലീസുകാർക്കും 8 സമരാനുകൂലികൾക്കും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ സർക്കാരിനെതിരെ സമര സമിതി നിലപാട് കടുപ്പിച്ചു. ഈ സാഹചര്യത്തിൽ കൂടി ആണ് ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സെമിനാറിൽ നിന്ന് മാറി നിൽക്കുന്നത്.