ശ്രീലങ്ക : ശ്രീലങ്കയില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ശ്രീലങ്കന്‍ കോടതി. മത്സ്യത്തൊഴിലാളികളുടെ കസ്റ്റഡി 25 വരെ നീട്ടി. രാമേശ്വരത്ത് നിന്ന് പോയ 12 മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ മാസം 23നാണ് പിടിയിലായത്. അതിനിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് നാലുപേര്‍ കൂടി തമിഴ് നാട്ടിലെത്തി. തലൈമന്നാറില്‍ നിന്നുള്ള കുടുംബമാണ് ധനുഷ്‌കോടിയിലെത്തിയത്. കുട്ടിയുള്‍പ്പെട്ട നാലംഗ സംഘം നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
ഇന്ന് പുലര്‍ച്ചെ നാലരയോടെ ധനുഷ്‌കോടിയ്ക്ക് സമീപത്തെ തുരുത്തിലാണ് കുടുംബത്തെ കണ്ടെത്തിയത്. ശ്രീലങ്കയില്‍ നിന്നും സ്പീഡ് ബോട്ടിലാണ് ഇവര്‍ എത്തിയത്. പിന്നീട് തീരദേശ സംരക്ഷണ സേന ഇവരെ അറസ്റ്റു ചെയ്ത് പോലീസിന് കൈമാറി.കടുത്ത ദാരിദ്ര്യം കാരണമാണ് ഇന്ത്യയിലേയ്ക്ക് വന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. മണ്ഡപത്തെ, മറൈന്‍ പോലീസ് സ്റ്റേഷനിലാണ് നിലവില്‍ കുടുംബമുള്ളത്. ഇവിടെ നിന്നും നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മണ്ഡപം ക്യാംപിലേയ്ക്ക് മാറ്റും. നേരത്തെ ഇന്ത്യയിലെത്തിയ 16 പേര്‍, ക്യാംപിലെ അഞ്ച് വീടുകളിലായാണ് കഴിയുന്നത്.