കോഴിക്കോട്: പാതിരാത്രിയിൽ കടലിൽ കണ്ട പോത്തിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ. കോഴിക്കോട് കോതി നൈനാംവളപ്പിലെ തൊഴിലാളികളാണ് കടലിൽ പ്രാണനു വേണ്ടി പിടഞ്ഞ പോത്തിനെ രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി 12നാണ് എ.ടി.ഫിറോസ്, എ.ടി.സക്കീർ, ടി.പി.പുവാദ് എന്നിവർ മീൻപിടിത്തത്തിനായി എൻജിൻ ഘടിപ്പിച്ച ഫൈബർ വള്ളത്തിൽ കടലിൽ പോയത്. കരയിൽ നിന്ന് 2 കിലോമീറ്ററോളം ദൂരത്തെത്തി മീൻപിടിക്കുന്നതിനിടെയാണ് ഇവർ അസാധാരണമായ ശബ്ദം കേട്ടത്. ടോർച്ചടിച്ചു നോക്കിയപ്പോൾ ഒരു പോത്ത് നീന്തുകയാണ്. ശ്വാസം കിട്ടാനായി ഇടയ്ക്കിടെ തല വെള്ളത്തിനു മുകളിലേക്ക് ഉയർത്തുന്നുമുണ്ട്. കുറച്ചുസമയം കൂടി കഴിഞ്ഞാൽ പോത്ത് ചത്തുപോകും എന്ന് ഉറപ്പായതിനാൽ മീൻപിടിത്തം നിർത്തി അതിനെ രക്ഷപ്പെടുത്താൻ തീരുമാനിച്ചു. പുലർച്ചെ 2നായിരുന്നു സംഭവം.
എന്നാൽ പോത്ത് അടുക്കുന്നുണ്ടായിരുന്നില്ല. വലിച്ചു വള്ളത്തിൽ കയറ്റാനും സാധിക്കില്ല. ഒടുവിൽ അധികം അകലെയല്ലാതെ മീൻ പിടിക്കുകയായിരുന്ന എ.ടി.റാഫി, ദിൽഷാദ് എന്നിവരുടെ വള്ളത്തെ സഹായത്തിനു വിളിച്ചു. എല്ലാവരും കൂടി ചേർന്നു ഏറെനേരം പരിശ്രമിച്ച ശേഷമാണ് പോത്തിനെ വള്ളത്തിലേക്ക് അടുപ്പിക്കാനായത്. ഒരു മത്സ്യത്തൊഴിലാളി കയറുമായി കടലിൽ ചാടി പോത്തിനെ വള്ളത്തോടു ചേർത്തു കെട്ടുകയായിരുന്നു. പിന്നീട് പോത്തിനെ വലിച്ചു തിരികെ കരയിലേക്കു യാത്ര തിരിച്ചു. അവശനായ പോത്ത് കടലിൽ താഴ്ന്നുപോകാതിരിക്കാൻ അരികിൽ കന്നാസുകൾ കെട്ടിവച്ചു.
ഒടുവിൽ രാവിലെ 8ഓടെയാണ് പോത്തിനെ കരയിലെത്തിച്ചത്. മീൻ പിടിക്കാൻ സാധിക്കാത്തതിനാൽ ഒരു ദിവസത്തെ വരുമാനം നഷ്ടമായെങ്കിലും പ്രാണനു വേണ്ടി പിടഞ്ഞ പോത്തിനെ രക്ഷപ്പെടുത്താനായതിന്റെ ചാരിതാർഥ്യത്തിലാണ് മത്സ്യത്തൊഴിലാളികൾ. വർഷങ്ങളായി മീൻപിടിക്കാൻ പോകുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു കാഴ്ച കണ്ടത്. കടലിൽ പോത്ത് ഇത്രയും ദൂരം നീന്തിയത് അദ്ഭുതമാണെന്നും ഇവർ പറയുന്നു. തെളിവുമായി എത്തുന്നവർക്കു പോത്തിനെ കൈമാറാനിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. അറഫ ഷദ, റിസ എന്നീ വള്ളങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.