കോഴിക്കോട്: കൊയിലാണ്ടി വെള്ളാങ്കല്ല് ഭാഗത്ത് കടലില്‍ ഒരു മൃതദേഹം കണ്ടെന്ന തോണിയില്‍ മത്സ്യബന്ധനത്തിന് പോയവർ അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി മുതല്‍ ബേപ്പൂര്‍ വരെയുളള കടല്‍ ഭാഗത്ത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തിരച്ചില്‍ നടത്തി. കഴിഞ്ഞ മാസം 31-ാം തീയ്യതി കാസര്‍കോട് കീഴൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ യുവാവിനായി തിരച്ചില്‍ നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് മത്സ്യതൊഴിലാളിൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേപ്പൂര്‍ വരെ തെരച്ചില്‍ നടത്തിയത്.
കാസര്‍കോട് ചെമ്മനാട് സ്വദേശി കല്ലുവളപ്പില്‍ വീട്ടില്‍ മുഹമ്മദ് റിയാസിനെ(36)യാണ് ദിവസങ്ങള്‍ക്ക് മുമ്പ് കടലിൽ കാണാതായത്. ബേപ്പൂര്‍ ഫിഷറീസ് അസി. ഡയരക്ടര്‍ വി സുനീറിന്റെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ പി ഷണ്‍മുഖന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനു തോമസ്, റെസ്‌ക്യൂ ഗാര്‍ഡുമാരായ ടി നിധീഷ്, കെപി സുമേഷ്, വിപിന്‍ലാല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് തെരച്ചില്‍ നടത്തിയത്.
വെള്ളിയാഴ്ച രാവിലെ 9.30ഓടെ കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് യാത്രതിരിച്ച സംഘം പുതിയാപ്പ ഹാര്‍ബര്‍, വെള്ളയില്‍ ഹാര്‍ബര്‍, ബേപ്പൂര്‍ ഹാര്‍ബര്‍ പരിധികളില്‍ നിരീക്ഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തുടര്‍ന്ന് വൈകീട്ട് 5.30ഓടെ തിരച്ചില്‍ അവസാനിപ്പിച്ച് പുതിയാപ്പ ഹാര്‍ബറില്‍ ബോട്ട് അടുപ്പിക്കുകയായിരുന്നു.