കൊച്ചി: ഇലക്ട്രോണിക് എൽ.ഇ.ഡി ഡിസ്പ്ലേ ബോർഡുകൾ ,ലേലം ഓഫീസുകളുടെ പ്രവർത്തനം എന്നീ പദ്ധതികളുടെ ഉദ്ഘാടനം മുനമ്പം ഫിഷിംഗ് ഹാർബറിൽ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ അറിയേണ്ട കാര്യങ്ങൾ സമയത്ത് അറിയിക്കുന്നതിനാണ് എൽ.ഇ.ഡി ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നത്.
92.2 8 ലക്ഷം രൂപ ചെലവഴിച്ച് വിഴിഞ്ഞം, മുനമ്പം , ബേപ്പൂർ എന്നീ മത്സ്യബന്ധന തുറമുഖങ്ങളിലാണ് എൽ.ഇ.ഡി ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. പ്ലാൻ അറ്റ് എർത്ത് സന്നദ്ധ സംഘടന എച്ച് . സി. എൽ ഫൗണ്ടേഷന്റെ ധനസഹായത്തോടെയും മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെൻറ് സൊസൈറ്റി, എം.പി.ഇ.ഡി.എ നെറ്റ് ഫിഷ്, മുനമ്പം ഫിഷിംഗ് ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി , തരകൻസ് അസോസിയേഷൻ മുനമ്പം ടു ഫിഷറി ഹാർബർ തരകൻസ് അസോസിയേഷൻ മുനമ്പം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഡ്രോപ് പദ്ധതി മുനമ്പം ഫിഷിംഗ് ഹാർബറിൽ നടപ്പിലാക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു കരയിൽ കൊണ്ടുവന്ന് കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രോപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഹാർബറിലെ കാന്റീൻ കെട്ടിടം നവീകരിച്ച് 4 ലേല ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള മുറികൾ 14.85 ലക്ഷം രൂപ ചെലവിൽ ജില്ലാ നിർമ്മിതി കേന്ദ്രം മുഖേനെ മുനമ്പം ഹാർബർ മാനേജ്മെൻറ് സൊസൈറ്റി സജ്ജമാക്കി.
എറണാകുളം മദ്ധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടർ സാജു എം.എസ്., പ്ലാൻ അറ്റ് എർത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലിയാസ് കരിം, മുനമ്പം ഫിഷിംഗ് ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.കെ പുഷ്കരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.