തിരുവനന്തപുരം : വിഴിഞ്ഞം ഉപരോധ സമരം തുടരുന്നു. പതിനൊന്നാം ദിനമായ ഇന്ന് പള്ളിത്തുറ, കൊച്ചുതുറ, തുമ്പ, സെന്‍റ് ഡൊമനിക് വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും. മുഖ്യമന്ത്രിയുമായുള്ള സമവായ ചർച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീൻ അതിരൂപത. തുടർ സമര പരിപാടികൾ ചർച്ച ചെയ്യാൻ സമരസമിതി ഉടൻ യോഗം ചേരുന്നുണ്ട്.
അതേസമയം തുറമുഖ കവാടത്തിലെ മത്സ്യതൊഴിലാളികളുടെ ഉപരോധസമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇന്ന് കൺവൻഷൻ സംഘടിപ്പിക്കും. വൈകുന്നേരം അഞ്ച് മണിക്ക് മുല്ലൂരിലാണ് പരിപാടി.
വിഴിഞ്ഞത്തെ മത്സ്യതൊഴിലാളി സമരത്തിൽ നിന്ന് പോലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാർ കന്പനിയായ ഹോവെ എഞ്ചിനിയറിംഗും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരമെന്നും പോലീസ് സുരക്ഷ വേണമെന്നുമാണ് ആവശ്യം.നൂറ് കണക്കിന് സമരക്കാർ പദ്ധതി പ്രദേശത്തെ അതീവ സുരക്ഷ മേഖലയിലേക്ക് ഇരച്ച് കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. സമരക്കാർ അക്രമം അഴിച്ചുവിട്ടപ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കി നിന്നെന്നും ഹർജിയിൽ അദാനിഗ്രൂപ്പ് വ്യക്തമാക്കുന്നു.
2015ൽ തുടങ്ങിയ നിർമാണ പ്രവർത്തനം അന്തിമഘട്ടതിലാണ്. സമരം തുടർന്നാൽ പദ്ധതി ഇനിയും വൈകുമെന്നും നിർമാണ പ്രവർത്തനം തുടരാൻ പോലീസ് സുരക്ഷ വേണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.കേന്ദ്രസേനയുടെ സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാറിനും നിർദേശം നൽകണമെന്നും ഇരു ഹർജിയിലും ആവശ്യമുണ്ട്. ജസ്റ്റിസ് അനു ശിവരാമനാണ് ഹർജി പരിഗണിക്കുക.