തൃശൂർ: അഴീക്കോട് തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. കിലുക്കം എന്ന വള്ളമാണ് ചെറുമത്സ്യങ്ങൾ പിടിച്ചതിന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. എറിയാട് സ്വദേശി ഇക്ബാലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വള്ളം. 10 സെന്‍റീമീറ്ററിൽ താഴെ വലിപ്പമുള്ള 1200 കിലോ അയല ഇനത്തിൽപ്പെട്ട മത്സ്യമാണ് വള്ളത്തിലുണ്ടായിരുന്നത്.ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. ഇതിന് പിഴയടക്കം ഈടാക്കും. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ ‘കിലുക്കം’ വള്ളത്തിൽ തുടർ നടപടികൾ പൂർത്തീകരിച്ച് പിഴ സർക്കാരിലേക്ക് ഈടാക്കുമെന്ന് വ്യക്തമാക്കി. വള്ളത്തിൽ കണ്ടെത്തിയ ചെറുമത്സ്യങ്ങളെ പിന്നീട് പുറം കടലിൽ നിക്ഷേപിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.