പുതുച്ചേരി: യുവതികളില്‍ നിന്നും നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി വീഡിയോ കോള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുതിയാല്‍പേട്ട സ്വദേശിയായ ദിവാകറി(22)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു യുവതി നൽകിയ പരാതിയാലാണ് പുതുച്ചേരി സൈബർ ക്രൈം പൊലീസ് യുവാവിനെ പൊക്കിയത്. ഫിറ്റ്‌നെസ് കോച്ചാണെന്ന വ്യാജേനയാണ് ഇയാള്‍ സ്ത്രീകളില്‍ നിന്നും നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നത്.
22 വയസ്സുകാരനായ ദിവാകര്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്. ഫിറ്റ്‌നെസ്റ്റ് കോച്ചാണെന്ന വ്യാജേനെയാണ് ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ സ്ത്രീകളുമായി പരിചയം സ്ഥാപിച്ചിരുന്നതെന്നും പിന്നീട് ഇതിന്റെ മറവിലാണ് തന്ത്രപൂര്‍വം നഗ്നചിത്രങ്ങള്‍ കൈക്കലാക്കി വീഡിയോകോള്‍ ചെയ്യാന്‍ ഭീഷണിപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. ശാരീരികാരോഗ്യം മെച്ചപ്പെടുത്താനും ആകാരവടിവ് ലഭിക്കാനും വേണ്ട ഉപദേശങ്ങള്‍ നൽകാമെന്ന് പറഞ്ഞാണ് ദിവാകർ യുവതികളുമായി അടുപ്പം സ്ഥാപിക്കുന്നത്.
ഹെൽത്ത് ടിപ്സ് പറഞ്ഞ് കൊടുത്ത് സ്ത്രീകളുമായി അടുപ്പമുണ്ടാക്കിയ ശേഷം ബോഡി ഷേപ്പ് ലഭിക്കാനായി പ്രത്യേക ഭക്ഷണ രീതിയും വ്യായാമങ്ങളും വേണമെന്നും ഇതിനായി നഗ്ന ചിത്രം വേണമെന്നും ആവശ്യപ്പെടും. ഇയാളെ വിശ്വാസത്തിലെടുത്ത് നഗ്ന ചിത്രങ്ങള്‍ അയച്ച് കൊടുത്ത സ്ത്രീകള്‍ക്ക് ഇയാള്‍ വേണ്ട വ്യായാമ ക്രമവും ഭക്ഷണ രീതിയും പറഞ്ഞ് കൊടുക്കും. വെബ്സൈറ്റുകളും ആരോഗ്യമാസികളും നോക്കിയാണ് ഇയാള്‍ വിവരങ്ങള്‍ നൽകിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവ് നൽകുന്ന നിർദ്ദേശം പാലിച്ച് വ്യയാമം ചെയ്യുന്നതോടെ ശരീരത്തില്‍ മാറ്റം വരുന്നതോടെ സ്ത്രീകള്‍ ഇയാളെ അവിശ്വസിച്ചതുമില്ല.
എന്നാല്‍ പരിചയമില്ലാത്ത ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നും തങ്ങളയച്ച് കൊടുത്ത ചിത്രങ്ങള്‍ ലഭിച്ചതോടെയാണ് യുവതികള്‍ ചതി മനസിലാക്കിയത്. വ്യാജ ഐഡികള്‍ നിർമ്മിച്ചാണ് പ്രതി നഗ്ന ദൃശ്യങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തിയത്. ചിത്രങ്ങള്‍ പുറത്ത് വിടാതാരിക്കാൻ പൂര്‍ണനഗ്നയായി താനുമായി വീഡിയോ കോള്‍ ചെയ്യണമെന്നായിരുന്നു യുവാവിന്‍റെ ആവശ്യം. ഇതിന് തയ്യാറായില്ലെങ്കില്‍ നഗ്നദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി.
ഭീഷണി ലഭിച്ച യുവതികളില്‍ ഒരാളാണ് സൈബര്‍ ക്രൈം പൊലീസില്‍ വ്യാജ ഫിറ്റ്നസ് കോച്ചിനെതിരെ പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ നിന്നും തന്റെ നഗ്നചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നും യുവാവിനെതിരേ നടപടി സ്വീകരിക്കണമെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകള്‍ പരിശോധിച്ച് വരികയാണെന്നും വിശദമായ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.