നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യത്തെ മാത്രമല്ല, ചര്‍മ്മത്തിന്‍റെയും തലമുടിയുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്നു. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതുപോലെ തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം.
അത്തരത്തില്‍ തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ബയോട്ടിന്റെയും മികച്ച സ്രോതസായ ചീര ജ്യൂസ് തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. അതുപോലെ വിറ്റാമിന്‍ സി അടങ്ങിയ ചീര കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
രണ്ട്…
നെല്ലിക്ക ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സാണ് നെല്ലിക്ക. തലമുടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിന്‍ സി. അതിനാല്‍ നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
മൂന്ന്…
ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. കൂടാതെ തലമുടിയുടെ ആരോഗ്യത്തിനു വേണ്ട വിറ്റാമിന്‍ സിയും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മറ്റൊരു സിട്രിസ് ഫ്രൂട്ടായ നാരങ്ങയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനു നല്ലതാണ്.
നാല്…
ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ഇ, ബി എന്നിവയുടെയും ആന്റിഓക്‌സിഡന്റുകളുടെയും സ്രോതസ്സാണ് ക്യാരറ്റ്. ഈ ഘടകങ്ങളെല്ലാം മുടിയുടെ വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
അഞ്ച്…
ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ബദാം. പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിൻ ഇ, വിറ്റാമിന്‍ ബി1, ബി6 എന്നിവ അടങ്ങിയ ബദാം തലമുടിയുടെ വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.