ഹൈദരാബാദ്: കണ്ടാൽ പഴുത്തു തുടുത്ത മാങ്ങകൾ. എന്നാൽ, അവയൊന്നും സ്വാഭാവികമായി പഴുത്തതായിരുന്നതല്ലെന്ന് തിരിച്ചറിഞ്ഞത് വിൽപനക്കാരെ അറസ്റ്റ് ചെയ്തപ്പോഴാണ്. ഹൈദരാബാദിൽ രാസവസ്തുക്കളുപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാങ്ങകൾ വിറ്റതിന് ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് അഞ്ചു കച്ചവടക്കാരെ.ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജി.എച്ച്.എം.സി) ആരോഗ്യ വകുപ്പ് അധികൃതരാണ് ഇത്തരം കച്ചവടക്കാരെ പിടികൂടാൻ വ്യാപകമായി റെയ്ഡ് നടത്തിയത്. ആരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാങ്ങകൾ നഗരത്തിലുടനീളം വിൽക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു കമീഷണറുടെ ടാസ്ക് ഫോഴ്സ് റെയ്ഡിനിറങ്ങിയത്.
വിവിധ ഫ്രൂട്ട് സ്റ്റാളുകളിലും വെയർ ഹൗസുകളിലും നടത്തിയ പരിശോധനയിൽ കൃത്രിമമായി പഴുപ്പിച്ച മാങ്ങകൾക്ക് പുറമെ മാരക രാസവസ്തുക്കളായ കാർബൈഡും ഈഥൈലിനും പിടികൂടി. കസ്റ്റഡിയിലെടുത്ത രാസവസ്തുക്കൾക്കും മാങ്ങകൾക്കുമായി 12,61,000 രൂപ വിലമതിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇത്തരം മാങ്ങകൾ നഗരത്തിലുടനീളമുള്ള പഴക്കടകളിലും ജ്യൂസ് ഷോപ്പുകളിലും വിതരണം ചെയ്തിട്ടുണ്ട്. ശ്വാസ സംബന്ധമായ അസ്വസ്ഥതകളും ഗുരുതര ത്വഗ് രോഗങ്ങളും സൃഷ്ടിക്കാൻ ഈ പഴങ്ങൾ വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റമദാൻ മാസവും വിവാഹ സീസണുമായതിനാൽ കൊള്ളലാഭം നേടുന്നതിനായി പഴുക്കാത്ത മാങ്ങകൾ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച് മാർക്കറ്റിലെത്തിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച മുഅസ്സം ജാഹി മാർക്കറ്റിൽ കൃത്രിമമായി പഴുപ്പിച്ച മാങ്ങകൾ വിറ്റതിന് രണ്ടു പഴക്കച്ചവടക്കാരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് മൂന്നുലക്ഷം രൂപയുടെ മാങ്ങകളാണ് പിടിച്ചെടുത്തത്.