മുടികൊഴിച്ചിൽ ഇന്നത്തെ കാലത്ത് ആളുകളുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ്. ചെറുപ്രായത്തിൽ തന്നെ മുടി കൊഴിയുന്നത് പലർക്കും അനുഭവപ്പെടാറുണ്ട്. മുടി കൊഴിച്ചിലിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. അമിത മുടികൊഴിച്ചിലുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.
നിങ്ങൾ കഴിക്കുന്ന പോഷകാഹാരം മുടിയുടെ സംരക്ഷണത്തിലും ആരോഗ്യകരമായ വളർച്ചയിലും ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചികിത്സയേക്കാളും പോഷകസമൃദ്ധമായ ഭക്ഷണക്രമം മുടികൊഴിച്ചിൽ തടയാൻ സഹായകമാണ്. മുടികൊഴിയുന്നതിന് പിന്നിലെ ചില പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്…
വിറ്റാമിൻ ഡിയുടെ കുറവ്…
- ഒന്ന്…
- ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും മുടി കൊഴിയാൻ കാരണമാവുകയും ചെയ്യും. മുടി വളർച്ചയ്ക്ക് വിറ്റാമിൻ ഡി വലിയ പങ്കാണ് വഹിക്കുന്നത്. ഈ പോഷകം മുടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
- രണ്ട്…
- മുടി വളരാൻ ശരീരത്തിന് ആവശ്യമായ മറ്റൊരു പ്രധാന പോഷകമാണ് സിങ്ക്. സിങ്കിന്റെ കുറവ് മുടിയിഴകളെ കനംകുറഞ്ഞതും ദുർബലവുമാക്കുന്ന അവസ്ഥയ്ക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.
- മൂന്ന്…
- മുടി അമിതമായി കൊഴിയുന്നുണ്ടെങ്കിൽ അത് ഇരുമ്പിന്റെ കുറവ് മൂലമാകാം. ഇരുമ്പിന്റെ അഭാവമാണ് മുടികൊഴിച്ചിലിന് ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന്. ഒരു വ്യക്തിക്ക് അനീമിയ ഉണ്ടെങ്കിൽ അത് മുടി അമിതമായി കൊഴിയുന്നതിന് കാരണമാകും.
- നാല്…
- ശരീരത്തിൽ ആൻഡ്രോജൻ അധികമായാൽ മുടികൊഴിച്ചിലിന് കാരണമാകുമെന്നും പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഉള്ള സ്ത്രീകൾക്കിടയിൽ ഇത് സാധാരണമാണെന്നും വിദഗ്ധർ പറയുന്നു.
- അഞ്ച്…
- തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ മുടിവളർച്ചയെ ബാധിക്കാം. ഹോർമോൺ നിലയിലെ അസന്തുലിതാവസ്ഥ മുടി വളർച്ചയെ തടസ്സപ്പെടുത്തുകയും മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു. ഹൈപ്പോതൈറോയിഡിസം അല്ലെങ്കിൽ തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനരഹിതമാകുമ്പോൾ മുടി കൊഴിച്ചിലുണ്ടാകാം.