ഗാരിയബന്ദി : ഛത്തീസ്ഗഡിലെ ഗാരിയബന്ദിയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം. ജോബ ഗ്രാമത്തിന് സമീപം ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ട്രാക്ടർ ട്രോളിയിലുണ്ടായിരുന്ന ആളുകളാണ് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മജ്രകട്ട ഗ്രാമത്തിലെ നിവാസികൾ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ട്രാക്ടർ ട്രോളി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയിൽ ട്രോളി പൂർണമായി തകർന്നു. ജെസിബി എത്തിച്ച ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തതെന്ന് ഗരിയാബന്ദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിശ്വദീപ് യാദവ് പറഞ്ഞു.
പരുക്കേറ്റ 14 പേരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി റായ്പൂരിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. മറ്റ് മൂന്ന് പേർ ഗരിയബന്ദിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പൊലീസ് അറിയിച്ചു. സംഭവത്തിൽ പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ മുഖ്യമന്ത്രി ബാഗേൽ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.