മെൽബൺ: അഞ്ച് കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് ഓസ്ട്രേലിയൻ കോടതി. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖനായ ബാലേഷ് ധൻഖറിനെയാണ് മയക്കുമരുന്ന് നൽകിയ ശേഷം അഞ്ച് കൊറിയൻ സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സിഡ്‌നിയിലെ ഡൗണിംഗ് സെന്ററിലെ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. രാഷ്ട്രീയ ബന്ധമുള്ള വേട്ടക്കാരൻ എന്നും പ്രതിയെ കോടതി വിശേഷിപ്പിച്ചു. അഞ്ച് കൊറിയൻ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച ശേഷം മയക്കുമരുന്ന് നൽകി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സിഡ്നി മോണിംഗ് ഹെറാൾഡ് പത്രം റിപ്പോർട്ട് ചെയ്തു.
ഓസ്‌ട്രേലിയയിലെ ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ മുൻ മേധാവിയായിരുന്നു ധൻഖറെന്നും പത്രം റിപ്പോർട്ട് ചെയ്തു. ബെഡിനരികിലെ അലാറം ക്ലോക്കിലും ഫോണിലും ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച് ധൻഖർ തന്റെ ലൈംഗികാതിക്രമങ്ങൾ വീഡിയോയിൽ പകർത്തിയതായും പറയുന്നു. സിഡ്‌നിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ കേസിലെ പ്രതിയാണ് ബാലേഷ് ധൻഖറെന്നും കോടതി പറഞ്ഞു. വിധി കേട്ട ശേഷം ധൻഖർ പൊട്ടിക്കരഞ്ഞു. 39 ആരോപണങ്ങളിലും ധർഖർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഡാറ്റാ വിദഗ്ധനാണ് ധൻഖർ. ജാമ്യത്തിൽ തുടരാൻ ധൻഖർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. 43 കാരനായ ധൻഖറിനെതിരെ വർഷാവസാനം ശിക്ഷ വിധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ധൻഖറിന്റെ ഭാര്യ കോടതിയിൽ അദ്ദേഹത്തെ പിന്തുണച്ചു. വിവാഹേതര ബന്ധം തകർന്നതിനെ തുടർന്ന് താൻ തനിച്ചാണെന്ന് കള്ളം പറഞ്ഞാണ് യുവതികളെ വലയിൽ വീഴ്ത്തിയത്. തന്റെ ദാമ്പത്യത്തിലെ പ്രശ്നമാണ് തന്റെ ഏകാന്തതയെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. ഈ സമയം ധൻഖർ കരഞ്ഞതായും പത്രം റിപ്പോർട്ട് ചെയ്തു. 2018-ൽ മറ്റ് സ്ത്രീകളുമൊത്തുള്ള ഇയാളുടെ നിരവധി വീഡിയോ പൊലീസ് കണ്ടെത്തിയിരുന്നു. സ്ത്രീകളെ അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഇയാൾ ബലാത്സംഗം ചെയ്തിരുന്നത്.