രാജസ്ഥാൻ: ആനക്കൊമ്പ് കടത്തിയതിന് യുവതിയും സി.ആർ.പി.എഫ് സബ് ഇൻസ്‌പെക്ടറും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. വിപണിയിൽ ഒന്നര കോടി രൂപ വിലയുള്ള എട്ട് കിലോ തൂക്കമുള്ള ആനക്കൊമ്പ് കടത്തിയതിന് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിലെ (സി.ആർ.പി.എഫ്) ഒരു സബ് ഇൻസ്‌പെക്ടറും സ്ത്രീയും ഉൾപ്പെടെ അഞ്ച് പേരെ രാജസ്ഥാനിലെ ഉദയ്പൂർ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ പ്രതികളെല്ലാവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് ആനക്കൊമ്പ് കടത്തിയതെന്നും ഉദയ്പൂരിലെ ഒരാൾക്കാണ് വിൽക്കാൻ ശ്രമിച്ചതെന്നും അവർ വെളിപ്പെടുത്തി. ഗഡി അൽവാർ സ്വദേശിയായ സി.ആർ.പി.എഫ് സബ് ഇൻസ്പെക്ടർ രാഹുൽ മീണ, ദോസ നിവാസിയായ അമൃത് സിംഗ് ഗുർജാർ, ഭരത്പൂർ സ്വദേശികളായ അർജുൻ സിംഗ് മീണയും സഞ്ജയ് സിംഗ് മീണയും ജയ്പൂരിൽ താമസിക്കുന്ന റീത്ത ഷായുമാണ് അറസ്റ്റിലായത്.
നിലവിൽ കശ്മീരിൽ നിയമിച്ചിരിക്കുന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥനാണ് സംഘത്തിലെ പ്രധാനിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജയ്പൂർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) ആനക്കൊമ്പ് കടത്തുന്നതിനെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് ഉദയ്‌പൂരിലെ സവിന പൊലീസിന് വിവരം കൈമാറുകയായിരുന്നു. സി.ഐ.ഡി.യുടെയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും നിർദേശപ്രകാരം സവിന പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം നെല തലാബിന് സമീപമുള്ള സി.എ സർക്കിൾ പരിസരത്ത് നിന്ന് സംഘത്തെ പിടികൂടി ആനക്കൊമ്പ് പിടിച്ചെടുക്കുകയായിരുന്നു.
അറസ്റ്റിലായ പ്രതികൾക്കെതിരെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട്, ഐ.പി.സി എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പേർ ഇതിൽ പങ്കാളിയായിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുകയാണ്.