ദില്ലി : സൗജന്യ വാഗ്ദാനങ്ങള്‍ സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയെ എതിർത്ത് മറുപടി നല്‍കി പ്രതിപക്ഷ പാർട്ടികള്‍. പ്രതികരണം അറിയിച്ച ആറില്‍ അഞ്ച് പാര്‍ട്ടികളും കമ്മീഷന്‍റെ നിർദേശത്തെ എതിര്‍ത്തു. എന്നാൽ അതേ സമയം വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ കൂടുതല്‍ സമയം തേടിയിരിക്കുകയാണ് ബിജെപി. സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടികള്‍ സാമ്പത്തിക ചെലവും വിശദീകരിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശ. ഇതിനായി മാതൃക പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യണമെന്നും കമ്മീഷന്‍റെ ഒക്ടോബർ നാലിലെ ശുപാർശയിലുണ്ടായിരുന്നു.
ഈ നിർദേശത്തില്‍ കമ്മീഷന്‍ നിലപാട് തേടിയ സാഹചര്യത്തിലാണ് എതിർപ്പ് അറിയിച്ച് അഞ്ച് പാർട്ടികള്‍ കത്ത് നല്‍കിയത്. കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ, ആംആദ്മി പാര്‍ട്ടി ,എഐഎംഐഎം എന്നീ അഞ്ച് പാര്‍ട്ടികളാണ് നിലവില്‍ എതിര്‍പ്പ് അറിയിച്ചത്. അനുകുലിച്ചത് പഞ്ചാബിലെ അകാലിദള്‍ മാത്രമാണ്. പാര്‍ട്ടികളുടെ വാഗ്ദാനങ്ങളെ നിയന്ത്രിക്കുന്നതിന് പകരം, വിദ്വേഷ പ്രചാരണം, പെരുമാറ്റചട്ട ലംഘനം എന്നീ വിഷയങ്ങളില്‍ കമ്മീഷന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം.
രാഷ്ട്രീയപാര്‍ട്ടികളുടെ നയ പ്രഖ്യാപനങ്ങളോ വാഗ്ദാനങ്ങളോ നിയന്ത്രിക്കാനോ പരിശോധിക്കാനോ ഭരണഘടന തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കുന്നില്ലെന്ന് സിപിഎമ്മും വ്യക്തമാക്കി. ജനങ്ങള്‍ക്ക് സൗജന്യമായി സേവനങ്ങള്‍ നല്‍കുന്നത് സർക്കാരുടെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നാണ് സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടി കമ്മീഷനെ അറിയിച്ചത്.
സൗജന്യ പദ്ധതികള്‍ക്കെതിരെ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശനം ഉന്നയിച്ചിരുന്നു. സൗജന്യ പദ്ധതികള്‍ രാജ്യത്തിന്‍റെ വികസനത്തിന് ആപത്തെന്നായിരുന്നു മോദിയുടെ വിമർശനം. അതിനാല്‍ സ്വഭാവികമായും കമ്മീഷന്‍റെ നിലപാടുകളോട് യോജിച്ചാകും ബിജെപി നിലപാട്. പാര്‍ട്ടികളുടെ നിലപാട് കേട്ടശേഷമായിക്കും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കുക.