മാർച്ച് 4നാണ് എല്ലാ വർഷവും ലോക പൊണ്ണത്തടി ദിനം ആചരിക്കുന്നത്. ഉദാസീനമായ ജീവിതശൈലിയും മോശം ഭക്ഷണ ശീലങ്ങളുമാണ് ഭാരം കൂടുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങൾ. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും പൊണ്ണത്തടി വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. 1990 മുതൽ കുട്ടികളിൽ പൊണ്ണത്തടിയുടെ ആഗോള നിരക്ക് നാലിരട്ടിയായും മുതിർന്നവരിൽ ഇരട്ടിയായെന്നും മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
‘ഇന്ന് ഭൂരിഭാഗം കുട്ടികളും മൊബെെലിന്റെയുെം ടിവിയുടെയും മുന്നിൽ സമയം ചെലവിടുന്നവരാണ്. കുട്ടികളിൽ സ്ക്രീൻ സമയം വർദ്ധിച്ചത് പൊണ്ണത്തടിയ്ക്ക് കാരണമായി. അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡുകൾ, ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകുന്നു…’ – ഫരീദാബാദിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റലിലെ നിയോനറ്റോളജി & പീഡിയാട്രിക്സ് വിഭാഗം എച്ച്ഒഡിയും സീനിയർ കൺസൾട്ടൻ്റുമായ ഡോ. സഞ്ജീവ് ദത്ത പറഞ്ഞു.
കുട്ടികളിലെ പൊണ്ണത്തടി കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
- ഒന്ന്…
- കുട്ടികൾ ജങ്ക് ഫുഡും മധുരപലഹാരങ്ങളും കഴിക്കാൻ ഇഷ്ടപ്പെടുന്നു. അതേസമയം പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാനും സംസ്കരിച്ച ഭക്ഷണത്തിൻ്റെ ഉപഭോഗം കുറയ്ക്കാനും ശ്രദ്ധിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം പൊണ്ണത്തടി, ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
- രണ്ട്…
- കുട്ടികൾ മൊബൈൽ സ്‌ക്രീന് മുന്നിലിരിക്കുന്നത് നിയന്ത്രിക്കണം. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കുക.
- മൂന്ന്…
- നടത്തം, സൈക്ലിംഗ്, ഔട്ട് ഡോർ ഗെയിംസ് എന്നിവ ഉൾപ്പെടുന്ന വീക്കെൻഡ് പ്ലാനുകൾ ആസൂത്രണം ചെയ്യണം. ഇതിലൂടെ കുട്ടികളിലെ കായികക്ഷമത വർധിപ്പിക്കാൻ കഴിയും.
- നാല്…
- ആരോഗ്യകരമായ ശീലങ്ങൾ കുട്ടികളിൽ നേരത്തെ തന്നെ വളർത്തിയെടുക്കുകയും അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയും വേണം. ഫാസ്റ്റ് ഫുഡുകൾ, സോഡകൾ, മിഠായികൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
- അഞ്ച്…
- ഉറക്കക്കുറവ് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. ഇത് വിശപ്പ് വർദ്ധിപ്പിക്കും. അതിനാൽ കുട്ടികൾ ദിവസവും നന്നായി ഉറങ്ങുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തുക.