രുചിയില്ലാത്തതോ, നമുക്ക് ഇഷ്ടമില്ലാത്തതോ ആയ ഭക്ഷണമാകട്ടെ, അതിന് അച്ചാറിന്‍റെ അകമ്പടിയുണ്ടെങ്കില്‍ പ്രശ്നം തീരും. മിക്കവര്‍ക്കും അത്രയും പ്രിയപ്പെട്ട വിഭവമാണ് അച്ചാറുകള്‍. അച്ചാറുകള്‍ തന്നെ പല വിധമുണ്ട്. പല രീതികളില്‍ തയ്യാറാക്കുന്നവ. ചിലത് ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാൻ പാകത്തില്‍ തയ്യാറാക്കുന്നതാകാം. ചിലതാകട്ടെ, ഏതാനും ദിവസങ്ങളിലേക്ക് മാത്രമായി തയ്യാറാക്കുന്നതും ആകാം.
ഇവയില്‍ ദീര്‍ഘകാലത്തേക്ക് എടുത്തുവയ്ക്കാനായി തയ്യാറാക്കുന്ന അച്ചാറുകളാണെങ്കില്‍ പോലും ഇടയ്ക്ക് വച്ച് കേടായിപ്പോകാറുണ്ട്, അല്ലേ? ഒത്തിരി അച്ചാര്‍ ഇങ്ങനെ കേടായിപ്പോകുന്നത് തീര്‍ച്ചയായും സങ്കടമാണ്. നമ്മള്‍ അച്ചാര്‍ സൂക്ഷിക്കുന്ന രീതി, അത് എടുത്ത് ഉപയോഗിക്കുന്ന രീതിയിലെല്ലാം വരുന്ന പാളിച്ചകളാണ് മിക്കവാറും അച്ചാറുകള്‍ കേടാകാൻ കാരണമാകുന്നത്. എന്തായാലും അച്ചാറുകള്‍ ഇതുപോലെ കേടായിപ്പോകാതിരിക്കാൻ സഹായകമായ അഞ്ച് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
അച്ചാര്‍ സൂക്ഷിക്കാൻ എപ്പോഴും വായ് വട്ടം കൂടി കണ്ടെയ്നറുകള്‍ തന്നെ ഉപയോഗിക്കുക. ദീര്‍ഘനാളത്തേക്ക് സൂക്ഷിക്കാനുള്ളതാണെങ്കില്‍ കുപ്പിയില്‍ നിറയെ തന്നെ അച്ചാര്‍ വയ്ക്കുക. ഇതുമൂലം അച്ചാറിന് മുകളിലായി വായു ഇരിക്കുന്ന സാഹചര്യം ഒഴിവാകും. വായു ഇരുന്നാല്‍ അച്ചാര്‍ ചീത്തയായിപ്പോകാം.
രണ്ട്…
അച്ചാര്‍ സൂക്ഷിക്കുന്ന കുപ്പികളുടെ അടപ്പ് മെറ്റല്‍ വച്ചുള്ളത് അല്ലെങ്കില്‍ അത്രയും നല്ലത്. കാരണം മെറ്റല്‍ അടപ്പുകളാണെങ്കില്‍ അച്ചാറിലെ വിനാഗിരിയുടെ അംശം അതുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് അച്ചാര്‍ ചീത്തയാകാം. ഇടയ്ക്ക് അച്ചാര്‍ എടുക്കുമ്പോഴും മെറ്റല്‍ സ്പൂണുകള്‍ ഉപയോഗിക്കാതിരിക്കുക. പ്ലാസ്റ്റിക് കോരികള്‍ ഇതിനായി എടുക്കാം.
മൂന്ന്…
അച്ചാര്‍ സൂക്ഷിക്കാനെടുക്കുന്ന കുപ്പികളോ കണ്ടെയ്നറുകളോ അതിന് മുമ്പായി വൃത്തിയാക്കി ഉണക്കി, ശുദ്ധമാക്കിയെടുക്കണം. കഴുകുമ്പോള്‍ ചൂടുവെള്ളം ഉപയോഗിച്ച് വേണം അവസാനം കഴുകാൻ. വെള്ളത്തിന്‍റെ അംശമില്ലാതെ വേണം കുപ്പിയില്‍ അച്ചാര്‍ നിറയ്ക്കാൻ. ഓവനില്‍ വച്ച് കണ്ടെയ്നറുകള്‍ ശുദ്ധീകരിച്ചെടുക്കുന്നവരുമുണ്ട്. ഇത് പറ്റാത്തവര്‍ ചൂടുവെള്ളത്തില്‍ കഴുകി, വൃത്തിയുള്ള കോട്ടണ്‍ തുണി കൊണ്ട് നന്നായി തുടച്ച് കുപ്പിയുണക്കണം. ശ്രദ്ധിക്കുക, ഇതിനായി എടുക്കുന്ന തുണി നല്ലതുപോലെ വൃത്തിയുള്ളതായിരിക്കണം.
നാല്..
അന്തരീക്ഷത്തില്‍ എപ്പോഴും നനവിരിക്കുന്ന സ്ഥലത്ത് അച്ചാര്‍ സൂക്ഷിക്കരുത്. ഉണങ്ങിയ- എന്നാല്‍ അധികം സൂര്യപ്രകാശമെത്താത്ത സ്ഥലത്ത് വേണം സൂക്ഷിക്കാൻ. ഇതും ദീര്‍ഘനാളത്തേക്ക് അച്ചാര്‍ കേട് കൂടാതെയിരിക്കാൻ സഹായകമാണ്.
അഞ്ച്…
അച്ചാര്‍ ഒന്നിച്ച് തയ്യാറാക്കി സൂക്ഷിക്കുകയാണെങ്കില്‍ ഏതാനും ദിവസത്തേക്ക് വേണ്ടത് മറ്റൊരു ചെറിയ കുപ്പിയിലോ പാത്രത്തിലോ ആക്കി സൂക്ഷിക്കണം. വലിയ കുപ്പിയില്‍ നിന്ന് തന്നെ ഇടയ്ക്കിടെ അച്ചാറെടുക്കുമ്പോള്‍ അത് ഒന്നിച്ച് ചീത്തയായിപ്പോകാനുള്ള സാധ്യതകളേറെയാണ്.