തൃശൂര്‍ : തൃശൂര്‍ അതിരപ്പള്ളിയില്‍ ആനയുടെ ചവിട്ടേറ്റ് അഞ്ചു വയസുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍. കാട്ടാന ആക്രമണത്തിനെതിരെ പരാതികള്‍ ഉയര്‍ന്നിട്ടും നടപടി എടുത്തില്ലെന്ന് ആരോപിച്ച് ഇന്നലെ രാത്രി നാട്ടുകാര്‍ കൊന്നക്കുഴി ഫോറസ്‌ററ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണും വരെ റോഡ് തടയുന്നതുള്‍പ്പടെ ഉള്ള പ്രതിഷേധനടപടികളിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇന്നലെ വൈകിട്ടാണ് കണ്ണന്‍കുഴിയില്‍ വച്ച് മാള പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയയെ കാട്ടാന ചവിട്ടി കൊന്നത്. മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനായി അപ്പുപ്പന്‍ ജയന്റെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. കണ്ണംകുഴി പാലത്തിന് സമീപത്ത് വച്ച് പ്ലാന്റേഷന്‍ തോട്ടത്തില്‍ നിന്നുമെത്തിയ ആന റോഡിലിറങ്ങുകയും ആക്രമിക്കുകയുമായിരുന്നു.
തുമ്പിക്കൈ കൊണ്ടടിയേറ്റ ആഗ്‌നിമിയ റോഡിലേക്ക് തെറിച്ചുവീണു. കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന്‍ നിഖിലിനും അപ്പൂപ്പന്‍ അജയനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാര്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ആഗ്മിനിയ മരിച്ചിരുന്നു. പരിക്കേറ്റ നിഖിലും അജയനും അപകട നില തരണം ചെയ്തിട്ടുണ്ട്.