കൽപ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്ലിം ലീഗ് പതാക ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി ടി സിദ്ധീഖ് എംഎൽഎ. കൊടിയും ചിഹ്നവും നില നിർത്താനല്ല ഈ തെരഞ്ഞെടുപ്പെന്നും രാജ്യം നില നിർത്താനാണെന്നും ടി സിദ്ധീഖ് പറഞ്ഞു. അതിന്റെ ഗൗരവം സിപിഎമ്മിനില്ലെങ്കിൽ ഞങ്ങൾ യുഡിഎഫുകാർക്കുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ സിദ്ധീഖ് പ്രതികരിച്ചു. കെടി ജലീലുൾപ്പെടെ സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിദ്ധീഖിന്റെ പ്രതികരണം.
നാഷണൽ ലീഗിന്റെയും, ജനതാ ദളിന്റെയും പച്ച നിറമുള്ള കൊടി ഇന്നലെ കൽപ്പറ്റയിൽ നടന്ന എൽഡിഎഫ് റാലിയിൽ ഇല്ല. എന്തേ ചുവപ്പ് മാത്രമുള്ള റാലിയായി? രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസിന്റേയും ലീഗിന്റേയും കൊടി കാണാത്തതിൽ ശ്രീ പിണറായി വിജയൻ മുതൽ ലോക്കൽ സഖാവ് വരെ ഇങ്ങനെ വെപ്രാളം കാണിക്കുന്നത് എന്തിനാണ്? ബിജെപിക്ക് ഉത്തരേന്ത്യയിൽ വർഗീയത അഴിച്ച് വിടാൻ ബിജെപി ഐ ടി സെല്ലിന് യുഡിഎഫ് സൗകര്യം ചെയ്തു കൊടുക്കാത്തതിൽ ബിജെപിയേക്കാൾ വെപ്രാളം സിപിഎമ്മിനും ഇടതുപക്ഷത്തിനും ഉണ്ടെങ്കിൽ അവർ തമ്മിലുള്ള അന്തർധാര പകൽ പോലെ വ്യക്തമാണ്.- ടി സിദ്ധീഖ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
നാഷണൽ ലീഗിന്റെയും, ജനതാ ദളിന്റെയും പച്ച നിറമുള്ള കൊടി ഇന്നലെ കൽപ്പറ്റയിൽ നടന്ന എൽഡിഎഫ് റാലിയിൽ ഇല്ല. എന്തേ ചുവപ്പ് മാത്രമുള്ള റാലിയായി? രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസിന്റേയും ലീഗിന്റേയും കൊടി കാണാത്തതിൽ ശ്രീ പിണറായി വിജയൻ മുതൽ ലോക്കൽ സഖാവ് വരെ ഇങ്ങനെ വെപ്രാളം കാണിക്കുന്നത് എന്തിനാണ്? ബിജെപിക്ക് ഉത്തരേന്ത്യയിൽ വർഗീയത അഴിച്ച് വിടാൻ ബിജെപി ഐ ടി സെല്ലിന് യുഡിഎഫ് സൗകര്യം ചെയ്തു കൊടുക്കാത്തതിൽ ബിജെപിയേക്കാൾ വെപ്രാളം സിപിഎമ്മിനും ഇടതുപക്ഷത്തിനും ഉണ്ടെങ്കിൽ അവർ തമ്മിലുള്ള അന്തർധാര പകൽ പോലെ വ്യക്തമാണ്…
ഇത്തവണ രാജ്യം നിലനിൽക്കണമോ എന്ന ചോദ്യവുമായി കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ചിഹ്നം നിലനിർത്താൻ മത്സരിക്കുന്ന നിങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ചിത്രത്തിലേയില്ല. 2017ൽ ആര് എസ് എസിന് വഴിമരുന്ന് ഇടരുത് എന്ന് മുസ്ലിംകളെ താക്കീത് ചെയ്ത പിണറായി ആണ് ഇപ്പോൾ ലീഗിന്റെ കൊടി അന്വേഷിക്കുന്നത്..!!
ലീഗ് പ്രവർത്തകരേയും അണികളേയും രാഷ്ട്രീയമായി കുത്തിത്തിരിപ്പിലൂടെ എന്തെങ്കിലും നുണയാൻ കിട്ടുമെന്ന് നോക്കുന്ന പിണറായിയോടും സഖാക്കളോടും പറയാനുള്ളത് മുസ്ലിം ലീഗിന്റെ പിന്നിൽ അണി നിരക്കുന്നത് അന്തംകമ്മികളല്ല; ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നിലവിലെ സാഹചര്യം വ്യക്തമായി ബോധ്യമുള്ളവരാണ്.
പ്രായമായ ഒരുപാട് ലീഗ് പ്രവർത്തകരും അനുയായികളും നോമ്പുമെടുത്ത് ഇന്നലെ പൊരിവെയിലിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി കിലോമീറ്ററുകൾ നടന്ന് തളർന്നത് ആ രാഷ്ട്രീയ ബോധം അവർക്ക് ഉള്ളത് കൊണ്ടാണ്. ലീഗുകാരന് എന്തെങ്കും നേടാനല്ല; രാജ്യം അതിന്റെ മതേതര സ്വഭാവത്തോടെ നില നിൽക്കാനാണ് അവർ നടന്ന് തളർന്നത്. വരുന്ന തലമുറയ്ക്ക് വേണ്ടിയാണ് ജീവൻ പണയം വച്ച് അവർ വെയിലു കൊണ്ട് നടന്നത്…
ഒന്ന് കൂടെ ഓർമ്മപ്പെടുത്തുന്നു, കൊടിയും ചിഹ്നവും നില നിർത്താനല്ല ഈ തിരഞ്ഞെടുപ്പ്, രാജ്യം നില നിർത്താനാണ്. അതിന്റെ ഗൗരവം നിങ്ങൾക്കില്ലെങ്കിൽ ഞങ്ങൾ യുഡിഎഫുകാർക്കുണ്ട്.