കൊച്ചി: മെട്രോ നഗരത്തിലെ ഫ്ലാറ്റുകളിൽ കഴിയുന്ന സ്ത്രീകളെ കൂടി കുടുംബശ്രീയിൽ ഉൾപ്പെടുത്തുന്നു. കൊച്ചിയിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ബോധവത്ക്കരണത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുടുംബശ്രീ പ്രത്യേക പദ്ധതി തയ്യാറാക്കുന്നത്.
നഗരത്തില്‍ വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളില്‍ ഫ്ലാറ്റുകള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് വൻ തോതില്‍ മയക്കു മരുന്ന് ഉപയോഗവും വില്‍പ്പനയും കൈമാറലുമൊക്കെ നടക്കുന്നുണ്ട്. പലപ്പോഴും ഈ കാര്യങ്ങളൊക്കെ പൊലീസിന് അറിയാൻ കഴിയുന്നില്ല. ഗ്രാമ പ്രദേശങ്ങളിലേതുപോലെയുള്ള കൂട്ടായ്മകളോ സഹകരണങ്ങളോ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരില്‍ നിന്നും പൊലീസിന് കിട്ടുന്നുമില്ല.
ഈ പ്രതിസന്ധി മറികിടക്കാനാണ് കുടുംബശ്രീയുടെ ശ്രമം. ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപെടുത്തിയാല്‍ സ്ത്രീകളുടെ സഹായത്തോടെ മാഫിയയെ തടയാൻ കഴിയുമെന്നാണ് കുടുംബശ്രീയുടെ കണക്കുകൂട്ടല്‍. നിലവില്‍ കുടുംബശ്രീക്ക് ഫ്ലാറ്റുകളില്‍ കാര്യമായ സ്വാധീനമില്ല.ഫ്ലാറ്റുകളില്‍ താമസിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് പ്രവര്‍ത്തനം തുടങ്ങാനാണ് കുടുംബശ്രീ ആലോചിക്കുന്നത്. അതുവഴി സ്ത്രീ പങ്കാളിത്തം ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കാനാവുമെന്നും കുടുംബശ്രീ കണക്കുകൂട്ടുന്നു.