കോട്ടയം: പേപ്പട്ടി വിഷ ബാധ സ്ഥിരീകരിച്ച കോട്ടയം വൈക്കം മുനിസിപ്പാലിറ്റിയില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച് നഗരസഭ. പേവിഷ ബാധ സംശയിക്കുന്ന മുഴുവന്‍ തെരുവുനായകളെയും പ്രത്യേക കേന്ദ്രത്തില്‍ എത്തിച്ച് നിരീക്ഷിക്കും. പേപ്പട്ടിയുടെ കടിയേറ്റവരെ ആശുപത്രിയിലെത്തിച്ചവര്‍ക്ക് അടക്കം പ്രതിരോധ ചികിത്സ നല്‍കാനും ധാരണയായി.
പേ പിടിച്ച തെരുവു നായയുടെ കടിയേറ്റത് നാലു പേര്‍ക്കാണ്. എങ്കിലും വൈക്കം നഗരസഭയിലാകെ ആശങ്ക പടര്‍ത്തുന്ന സംഭവമായി ഇത് മാറി. പേ വിഷ ബാധ സ്ഥിരീകരിച്ച നായ മറ്റ് തെരുവു നായകളെയും കടിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്.
മുഴുവന്‍ തെരുവു നായകളെയും കൊന്നൊടുക്കണമെന്ന ആവശ്യമാണ് നാട്ടുകാരില്‍ നിന്ന് ഉയര്‍ന്നത്. എന്നാൽ നിയമപരമായി ഇത് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് പേ വിഷ ബാധ സംശയിക്കുന്ന മുഴുവന്‍ തെരുവു നായകളെയും പിടിച്ച് പ്രത്യേക കേന്ദ്രത്തില്‍ നിരീക്ഷിക്കാൻ തീരുമാനിച്ചത്. ഇരുപത്തിയെട്ട് ദിവസം നിരീക്ഷണത്തില്‍ വയ്ക്കാനാണ് തീരുമാനം. ഈ നായകള്‍ക്ക് പേ വിഷ പ്രതിരോധ മരുന്നും നല്‍കും.
നിരീക്ഷണ കാലയളവിന് ശേഷം പേവിഷ ബാധ സ്ഥിരീകരിക്കുന്ന നായകളെ കൊല്ലാനും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റ നാലു പേരുടെ ബന്ധുക്കള്‍ക്കും ഇവരെ ആശുപത്രിയിലെത്തിച്ച നാട്ടുകാര്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.