ന്യൂഡല്‍ഹി : പെട്രോളും ബയോ എഥനോളും വൈദ്യുതിയും മാറി മാറി ഉപയോഗിക്കാവുന്ന ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളും ഫ്‌ലെക്‌സ് ഫ്യുവല്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും നിര്‍മിക്കാനുള്ള നടപടി ഊര്‍ജിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും കര്‍ഷകര്‍ക്കു കൂടുതല്‍ നേട്ടമുണ്ടാക്കാനുമുദ്ദേശിച്ചാണു ബിഎസ്-6 നിലവാരത്തിലുള്ള ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടതെന്നു മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. സമയബന്ധിതമായി 6 മാസത്തിനുള്ളില്‍ വാഹനങ്ങളുടെ നിര്‍മാണം ആരംഭിക്കാനാണു നിര്‍ദേശം. ബയോ എഥനോളില്‍ ഓടിക്കാവുന്ന വാഹനങ്ങള്‍ വരുമ്പോള്‍ എഥനോള്‍ ഉല്‍പാദനം കൂടുകയും എഥനോള്‍ ലഭിക്കുന്നതു കരിമ്പില്‍ നിന്നായതിനാല്‍ കരിമ്പു കര്‍ഷകര്‍ക്കു നേട്ടമുണ്ടാവുകയും ചെയ്യുമെന്നാണു കരുതുന്നത്. പെട്രോളില്‍ ലയിപ്പിക്കുന്ന എഥനോള്‍ 2025 ആകുമ്പോഴേക്ക് 20% ആക്കാനുദ്ദേശിച്ച് എഥനോളിന്റെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടുമാസം മുന്‍പു തീരുമാനിച്ചിരുന്നു.